രാജപുരം: പുതിയ റേഷൻ കാർഡ് കണക്കിൽ കൃഷ്ണനും കുടുംബവും ’സമ്പന്നരുടെ’ പട്ടികയിൽ. പനത്തടി പഞ്ചായത്തിലെ കുറിഞ്ഞിയിൽ താമസിക്കുന്ന കണിയാപുരയ്ക്കൽ കൃഷ്ണനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. പുതിയ റേഷൻ കാർഡിലാണ് ഇവർ എപിഎല്ലുകാരായത്. എന്തുചെയ്യണമെന്നറിയാതെ കുടുംബം നെടുവീർപ്പെടുകയാണ്.
ഇവരുടെ റേഷൻ കാർഡ് മുന്പ് ബിപിഎൽ ആയിരുന്നു കുറിഞ്ഞി എസ്ടി കോളനിയിൽ താമസിക്കുന്ന ഇവരെക്കാൾ കഴിവുളളവർ പോലും ബിപിഎൽ ലിസ്റ്റിലുണ്ട്.ഇവർക്ക് ബിപിഎൽ കാർഡ് നൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം. കാർഡിന്റെ കരടു പട്ടിക കൊടുക്കേണ്ട സമയത്തു വിവരങ്ങൾ കൃതമായി നൽകിയിരുന്നതായി കൃഷ്ണന്റെ ഭാര്യ ഭവാനി പറഞ്ഞു. എന്നിട്ടും എങ്ങനെ ഇതുമാറിയെന്നും ഇവർക്ക് ഒരു അറിവുമില്ല.
വികലാംഗനായ കൃഷണന് മറ്റു വരുമാനങ്ങളൊന്നുമില്ല. 10 സെന്റ് ഭൂമി മാത്രമാണുളളത്. കൃഷണന്റെ പെട്ടിക്കടയിൽ നിന്നും കിട്ടുന്നതാണു കുടുംബത്തിന്റെ ആകെയുളള വരുമാനം. ബിപിഎൽ കാർഡിൽ ലഭിച്ചിരുന്ന അരിയും ഗോതന്പും നിലച്ചതോടെ ദുരിതം ഇരട്ടിയായി.