തന്നെ അഭിനേതാവായി കാണാനാണ് മകൻ ഗോകുൽ സുരേഷ് ആഗ്രഹിക്കുന്നതെന്ന് സുരേഷ് ഗോപി. ഫേസ്ബുക്കിൽ കൂടിയാണ് താരം മനസ് തുറന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം തമിഴരശന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയപ്പോഴാണ് ഗോകുൽ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
കാമറയുടെയും ലൈറ്റുകളുടെയും കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ലോകത്ത് അഭിനേതാവായി കാണാനാണ് താൻ എന്നും ആഗ്രഹിച്ചിട്ടുള്ളതെന്നും വീണ്ടും അച്ഛനെ ഇങ്ങനെ കാണുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും ഗോകുൽ തന്നോട് പറഞ്ഞതായി സുരേഷ് ഗോപി കുറിച്ചു.
മകന്റെ വാക്കുകൾ തന്റെ ഹൃദയത്തിൽ തൊട്ടുവെന്നും എങ്കിലും ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ കടമയും ഉത്തരവാദിത്വങ്ങളും താൻ മനസിലാക്കുന്നുവെന്നും രാജ്യത്തോടുള്ള കടമ താൻ നിറവേറ്റുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇളയമകൾ ഭവാനിയും ഗോകുലിനൊപ്പം ഷൂട്ടിംഗ് സെറ്റിൽ എത്തിയിരുന്നു. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമിഴരശൻ. എസ്എൻഎസ് മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ രമ്യ നമ്പീശൻ ആണ് നായിക.