കൊച്ചി: ആദ്യം ഐലീഗ് കിരീടം. ഇപ്പോൾ കേരള പ്രീമിയർ ലീഗിലും രാജാക്കന്മാർ. ഗോകുലം കേരള എഫ്സിയുടെ സ്വപ്നതുല്യമായ സീസണിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കിരീടമുയർത്തി പരിസമാപ്തി.
ആവേശകരമായ കേരള പ്രീമിയർ ലീഗ് ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.
എക്സ്ട്രാ ടൈമിന്റെ ആദ്യമിനിറ്റിൽ ഗണേഷനാണ് വിജയഗോൾ നേടിയത്. എം.വി. വിഗ്നേഷ് (54) കെഎസ്ഇബിക്കായും നിംഷാദ് റോഷൻ (80) ഗോകുലത്തിനായും വലകുലുക്കി.
സീസണില്‍ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീടനേട്ടം. 2018ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്മാരായ ടീം കഴിഞ്ഞ സീസണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടുതവണ കെപിഎല്‍ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിനായി.
ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്കോറര്‍ (8). ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്സി ഫെയര്‍പ്ലേ അവാര്‍ഡ് നേടി.