തിരുവനന്തപുരം: ഗോകുലം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനകളിൽ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കണ്ടെടുത്തതായാണ് വിവരം.
വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങള്ളിൽ പരിശോധന നടത്തിയെന്ന് ഇഡി വക്താവ് അറിയിച്ചു.
ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന.
അതേസമയം, ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള് കഴിഞ്ഞ മൂന്നു മാസമായി ഇഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ഇടപെടുകളിൽ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനു ബന്ധമില്ലെന്നും ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം പ്രവാസികളില്നിന്നടക്കം ചട്ടങ്ങള് ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇഡി പറയുന്നു.