കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് തോല്‍വി. തുടര്‍ച്ചയായ അഞ്ചു മത്സരങ്ങള്‍ക്കുശേഷം സ്വന്തം ഗ്രൗണ്ടില്‍ ജയം പ്രതീക്ഷിച്ചെത്തിയ ഗോകുലത്തെ ഒന്നിനെതിരേ മൂന്നു ഗോളിന് ഐസോള്‍ തോല്‍പ്പിച്ചു.
9-ാം മിനിറ്റില്‍ മാര്‍കസ് ജോസഫ് ഗോകുലത്തെ മുന്നിലെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മൂന്നു ഗോളടിച്ച് ഐസോള്‍ ജയം തട്ടിയെടുത്തു. പോള്‍ റാംഫാന്ഗ്സൗവ (83’), ലാല്ഖാപ്യുമാവിയ (88’), അന്‍സുമാന ക്രോമ (90+7’) എന്നിവരാണ് ഗോള്‍ നേടിയത്. 18 കളിയില്‍ 14 പോയിന്റുമായി ഗോകുലം പത്താം സ്ഥാനത്താണ്.
രണ്ടാം സ്ഥാനം മോഹിച്ചെത്തിയ റിയല്‍ കാഷ്മീരിനെ ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍തന്നെ ഈസ്റ്റ് ബംഗാള്‍ എന്‍ റികെ എസ്ക്വേഡ (20’), ജെയ്മി സാന്റോസ് (43’) എന്നിവരിലൂടെ മുന്നിലെത്തി. 67-ാം മിനിറ്റില്‍ അരോണ്‍ കറ്റേബെ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. 18 കളിയില്‍ 36 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ രണ്ടാമതും 33 പോയിന്റുള്ള റിയല്‍ കാഷ്മീര്‍ മൂന്നാം സ്ഥാനത്തുമാണ്.
മോഹന്‍ ബഗാനെ ഇന്ത്യന്‍ ആരോസ് ഒന്നിനെതിരേ മൂന്നു ഗോളിന് അട്ടിമറിച്ചു. 17-ാം മിനിറ്റില്‍ അസ്ഹറുദിന് മാലിക്കിലൂടെ ബഗാന് മുന്നിലെത്തി. എന്നാല്‍ 28-ാം മിനിറ്റില്‍ അഭിജിത് സര്‍ക്കാര്‍ സമനില നേടി. രണ്ടാം പകുതിയില്‍ ആരോസ് വിജയ ഗോളുകള്‍ നേടി. രാഹുല്‍ കണ്ണോലി (74’), രോഹിത് ദാനു (90+5’) എന്നിവരാണ് ഗോള്‍ നേടിയത്. 19 കളിയില്‍ 26 പോയിന്റുള്ള ബഗാന് ആറാമതും 20 കളിയില്‍ 21 പോയിന്റുള്ള ആരോസ് ഏഴാം സ്ഥാനത്തുമാണ്.