ന്യൂഡൽഹി: ഗോകുലം കേരള എഫ്സിക്ക് ചരിത്ര നേട്ടം. എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഗോകുലം എഫ്സിക്കു യോഗ്യത. 2019-20ൽ ഇന്ത്യൻ വിമൻസ് ലീഗിൽ കിരീടം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലത്തിന്റെ പെണ്‍പട എഎഫ്സി ചാന്പ്യൻഷിപ്പിന് ഇറങ്ങുന്നത്.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലീഗ് കോവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇതേത്തുടർന്ന് 2019-20ലെ ചാന്പ്യന്മാരായ ഗോകുലത്തിന്റെ വനിതാ ടീമിന് എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുകയായിരുന്നു.
ഏഷ്യയിലെ മികച്ച ടീമുകളെല്ലാം ഏറ്റുമുട്ടുന്ന ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ചാന്പ്യൻഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എഎഫ്സി കപ്പിനു യോഗ്യത നേടുന്നത്. ഐ ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ പുരുഷ ടീം നേരത്തേതന്നെ എഎഫ്സി കപ്പിനു യോഗ്യത നേടിയിട്ടുണ്ട്.
വനിതാ ടീം ചാന്പ്യൻഷിപ്പിനു യോഗ്യതനേടിയതിൽ അഭിമാനമുണ്ടെന്നും വനിതാ ഫുട്ബോൾ ടീമിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഗോകുലം കേരള എഫ്സി ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചു.