മഹിപുർ (പഞ്ചാബ്): ഐ ലീഗ് ഫുട്ബോളിന്റെ 2024-25 സീസണിൽ ഗോകുലം കേരള എഫ്സിക്കു രണ്ടാം ജയം. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം എവേ പോരാട്ടത്തിൽ 5-0നു ഡൽഹി എഫ്സിയെ കീഴടക്കി. മാലി താരം അഡാമ നിയാന്റെ ഇരട്ട ഗോളാണ് ഗോകുലം കേരളയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കും ഗോകുലം ഉയർന്നു. ഏഴു മത്സരങ്ങളിൽനിന്ന് രണ്ടു ജയം, നാലു സമനില, ഒരു തോൽവി എന്ന പ്രകടനവുമായി 10 പോയിന്റാണ് ഗോകുലം കേരളയ്ക്കുള്ളത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ 0-1നു നാംധാരി തോൽപ്പിച്ചു. ചർച്ചിൽ (13 പോയിന്റ്), ഇന്റർ കാശി (11), നാംധാരി (11) ടീമുകളാണ് ലീഗ് ടേബിളിൽ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
41 (പെനാൽറ്റി), 63 മിനിറ്റുകളിലാണ് അഡാമ നിയാൻ ഗോകുലത്തിനായി ലക്ഷ്യം നേടിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ രാഹുൽ രാജു 81-ാം മിനിറ്റിൽ ലീഡ് ഉയർത്തി. മോണ്ടിനെഗ്രോക്കാരൻ സിനിസ സ്റ്റാനിസാവിച്ചിന്റെ (89’) വകയായിരുന്നു നാലാം ഗോൾ. അരങ്ങേറ്റ മത്സരത്തിൽത്തന്നെ വലകുലുക്കാൻ സിനിസയ്ക്കു സാധിച്ചു. നാച്ചൊ അബലെഡോ (90+5’) ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. 14ന് ഡെംപോയ്ക്ക് എതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.