കോട്ടയം: അടുത്ത മാസം ഐ ലീഗ് ഫുട്ബോൾ തുടങ്ങാനിരിക്കെ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരളയുടെ സ്പാനിഷ് പരിശീലകനായ ഫെർനാണ്ടോ വരേല ക്ലബ് വിട്ടതായി സൂചന.
വരേല സ്വന്തം താൽപര്യ പ്രകാരം ടീം വിട്ടതാണോ അതോ മാനേജ്മെന്റ് ഒഴിവാക്കിയതാണോ എന്നു വ്യക്തമല്ല. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം പ്രീ സീസണ് മത്സരങ്ങളിൽ ടീമിന്റെ മോശം പ്രകടനവും കളിക്കാരോടു മികച്ച ബന്ധം സൃഷ്ടിക്കാൻ വരേല പരാജയപ്പെട്ടതുമാണ് പുറത്താകലിലേക്കു വഴി തെളിച്ചതെന്നാണ് സൂചന.
കഴിഞ്ഞ തവണ ഐ ലീഗിൽ പ്രഥമ സീസണ് കളിച്ച ഗോകുലം കേരള മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആദ്യ ഘട്ടത്തിൽ പതറിയ ടീം രണ്ടാം ഘട്ടത്തിൽ തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്. കരുത്തരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഗോകുലം ഞെട്ടിച്ചിരുന്നു.
അന്ന് പരിശീലകനായിരുന്ന ബിനോ ജോർജിനെ സീസണുശേഷം മാറ്റിയായിരുന്നു വരേലയെ പരിശീലകനാക്കിയത്. എന്നാൽ, എഡബ്ല്യുഇഎസ് ടൂർണമെന്റിലും പ്രീ സീസണ് മത്സരങ്ങളിലും ടീം തൃപ്തികരമായ പ്രകടനം നടത്താത്തതിനെത്തുടർന്ന് വരേല മാനേജ്മെന്റിന് അനഭിമതനായിരുന്നു.
വരേല ക്ലബ് വിട്ട കാര്യം ഇതു വരെ ഗോകുലം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരേല ആദ്യമായി പരിശീലക വേഷത്തിലെത്തിയത് ഗോകുലം കേരളയിലാണ്. ടീമിന്റെ ടെക്നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന മുൻ പരിശീലകൻ ബിനോ ജോർജ് പരിശീലകനാകാനുള്ള സാധ്യതയുണ്ട്.