തൊടുപുഴ: ജോലിയില്ലാതെ ഒൻപത് മാസം വീട്ടിലിരുന്ന് വിഷമിച്ചപ്പോൾ ഒരു യാത്ര പോകാമെന്ന് ഗോകുൽ തീരുമാനിച്ചു.
യാത്ര തീരുമാനിച്ചെങ്കിലും വാഹനത്തിൽ പോകാമെന്ന് വച്ചാൽ ഇന്ധനവില താങ്ങാനാവില്ല. ഒടുവിൽ ഒരു പഴയ സൈക്കിളിൽ യാത്രക്കിറങ്ങുകയായിരുന്നു പടിഞ്ഞാറേ കോടിക്കുളം ചെത്തിക്കോട് വീട്ടിൽ ഗോകുൽ.
പഴയ ഹെർക്കുലീസ് സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്റർ. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് മറക്കാനാവാത്ത യാത്ര ഭൂമിയിലെ സ്വർഗമായ കാശ്മീരിലെത്തിയത്.
സ്വകാര്യ കന്പിനിയിൽ പ്രോജക്ട് എൻജിനീയറായി മികച്ച ശന്പളത്തോടെ ജോലി ചെയ്യുകയായിരുന്നു ഗോകുൽ. ഇതിനിടെ അൽപ്പംകൂടി മെച്ചപ്പെട്ട ശന്പളം ലഭിക്കുന്ന മറ്റൊരു കന്പനിയിലേക്ക് മാറിയത്. പക്ഷേ, കോവിഡെത്തിയതോടെ എല്ലാം തകിടം മറിഞ്ഞു.
ലോക്ഡൗണിൽ ജോലിയും നഷ്ടപ്പെട്ടു. വീട്ടിലിരുന്ന് മനസ് മുരടിക്കുന്ന അവസ്ഥയായപ്പോഴാണ് ഒരു യാത്ര പോകാൻ തീരുമാനിച്ചത്. ബൈക്കിൽ പോയാൽ ചിലവ് കൂടുമെന്നതിനാലാണ് സൈക്കിളിൽ യാത്ര പോകാമെന്ന് തീരുമാനിക്കുന്നത്.
പഴയ സൈക്കിൾ 800 രൂപയ്ക്ക് വാങ്ങി. അത്യാവശ്യം കുറച്ച് വസ്ത്രങ്ങളും 2000 രൂപയുമായി ഡിസംബർ 16ന് തൊടുപുഴയിൽ നിന്ന് യാത്ര തുടങ്ങി.
ആദ്യം പണം തീരുന്നത് വരെ യാത്ര ചെയ്യാമെന്നാണ് ഗോകുൽ കരുതിയത്. യാത്രയ്ക്കൊപ്പം ചെറു അനുഭവങ്ങളും ചിത്രങ്ങളും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അതോടെ പലരും യാത്ര തുടരുന്നതിനായി അക്കൗണ്ടിലെക്ക് ചെറിയ തുകകൾ ഇട്ടുകൊടുത്തു തുടങ്ങി.
ഇത് യാത്ര തുടരാൻ പ്രേരിപ്പിച്ചു. വഴിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണവും മറ്റും കഴിച്ച് പറ്റുന്നിടത്ത് ഉറങ്ങിയും നാടുകൾ താണ്ടി. ഫെബ്രുവരി 20നാണ് കാശ്മീരിലെത്തിയത്.
ഇതിനിടെ ബസിൽ പോകുന്പോൾ അവിടെ വച്ചുണ്ടായ അപകടത്തിൽ ഗോകുലിന്റെ കണ്ണിന് മുകളിൽ മുറിവുണ്ടാകുകയും മൂന്ന് തുന്നിലിടുകയും ചെയ്യേണ്ടി വന്നു. അതിലൊന്നും ഗോകുൽ തളർന്നില്ല. കാശ്മീരിൽ പരമാവധി ഇടങ്ങൾ സന്ദർശിച്ചു.
സൈക്കിളിൽ തന്നെയാണ് തിരിച്ച് നാട്ടിലേക്ക് വന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയത് അഞ്ച് മാസങ്ങൾക്ക് ശേഷം. ഇനി 25ന് കന്യാകുമാരിയിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയാത്ര നടത്താനുള്ള ഒരുക്കത്തിലാണ് ഗോകുൽ.
ഇപ്പോൾ മല്ലു ട്രെക്കർ എന്ന യുട്യൂബ് ചാനലും കൂട്ടിനുണ്ട്. മാതാപിതാക്കളായ അശോകനും സുധയും ഭാര്യ പ്രീതയും മക്കളായ പ്രഥ്വി, പ്രദ്വുത് എന്നിവരും പിന്തുണയായുണ്ട്.