വളപട്ടണം: പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാതെ ബാങ്ക് തിരിമറി നടത്തിയതായി പരാതി. അഴീക്കോട് പൊയ്ത്തുംകടവിലെ ടി.വി. ഹൗസിൽ സക്കീറയാണ് പരാതിക്കാരി.
കേരള ബാങ്കിന്റെ അഴീക്കോട് ശാഖയിൽ രണ്ട് ഘട്ടങ്ങളിലായി പണയംവച്ച സ്വർണാഭരണങ്ങളാണ് ബാങ്ക് അധികൃതർ തിരിമറി നടത്തിയത്.
ബാങ്ക് മാനേജർ നവ്യ, ജീവനക്കാരായ നിസിത, ജഗദീശൻ എന്നിവർ ചേർന്ന് സ്വർണാഭരണങ്ങൾ തിരിമറി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
2020 നവംബർ 11 നും 2021 ഫെബ്രുവരിയിലുമായി രണ്ടുതവണ കേരള ബാങ്കിൽ സ്വർണം പണയം വച്ചു. എന്നാൽ, കഴിഞ്ഞദിവസം ബാങ്കിലെത്തി വായ്പയായി വാങ്ങിയ പണവും അതിന്റെ പലിശയും സക്കീറ അടയ്ക്കാൻ തയാറായെങ്കിലും പണയം വച്ച സ്വർണാഭരണങ്ങൾ തിരിച്ചുനൽകാൻ ബാങ്ക് അധികൃതർ തയാറായില്ല.
തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു. സക്കീറയുടെ പരാതിപ്രകാരം വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.