ടെൽ അവീവ്: അധിനിവേശ ഗോലാൻ കുന്നുകളിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന പത്തു കുട്ടികളടക്കം 12 പേർ ലബനനിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലും തമ്മിൽ പൂർണയുദ്ധത്തിനു വഴിവച്ചേക്കുമെന്ന് ആശങ്ക.
ശനിയാഴ്ചത്തെ ഗോലാൻ ആക്രമണത്തിനു മറുപടിയായി ഇസ്രേലി വ്യോമസേന ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ളാ കേന്ദ്രങ്ങളിൽ ബോംബിട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം നേരത്തേ അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി.
വടക്കൻ അതിർത്തിയിൽ ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ അറബി സംസാരിക്കുന്ന ഡ്രൂസ് വംശീയ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മജ്ദാൽ ഷാംസ് പട്ടണത്തിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ് ശനിയാഴ്ച റോക്കറ്റ് പതിച്ചത്. കൊല്ലപ്പെട്ടവരിൽ പത്തിനും 16നും ഇടയിൽ പ്രായമുള്ള പത്തു കുട്ടികളും ഉൾപ്പെടുന്നു.
ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരതയ്ക്കുശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും മാരക ആക്രമണമാണിത്. മറുപടിയായി ഹിസ്ബുള്ളയുടെ ആയുധസംഭരണ കേന്ദ്രങ്ങളടക്കം ലക്ഷ്യമാക്കി ലബനന്റെ ഉള്ളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രേലി വ്യോമസേന ഇന്നലെ അറിയിച്ചത്. ആക്രമണത്തിലെ ആളപായവും നാശനഷ്ടവും വ്യക്തമല്ല.
പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിൽ നടത്തുന്ന ആക്രമണങ്ങളും ഇസ്രയേലിന്റെ തിരിച്ചടികളും വലിയ യുദ്ധത്തിൽ കലാശിക്കാനുള്ള സാധ്യത ഇതോടെ ശക്തമായി. അതേസമയം, ഗോലാൻ ആക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്ന് ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് അവകാശപ്പെട്ടു. എന്നാൽ, ഇറേനിയൻ നിർമിത ഫലാഖ്- ഒന്ന് എന്ന റോക്കറ്റാണ് ആക്രണത്തിന് ഉപയോഗിച്ചതെന്നും ഹിസ്ബുള്ളയുടെ പക്കൽമാത്രമാണ് ഇതുള്ളതെന്നും ആക്രമണമേഖല സന്ദർശിച്ച ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരി ചൂണ്ടിക്കാട്ടി.
ഹിസ്ബുള്ള കനത്ത വില നല്കേണ്ടിവരുമെന്നും ഉടനടി പ്രതികാരമുണ്ടാകുമെന്നും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ലബനനെ ആക്രമിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറേനിയൻ വിദേശ മന്ത്രാലയം വക്താവ് നാസർ കനാനി പറഞ്ഞു. ഗോലാൻ ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് ഡ്രൂസ് നേതാവ് ഷെയ്ഖ് മുവാഫക് താരിഫ് പറഞ്ഞു. ജനങ്ങളെ ആക്രമിക്കുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് ലബനനിലെ സർക്കാർ ഇറക്കിയ അപൂർവ പ്രസ്താവനയിൽ പറഞ്ഞു.
ഡ്രൂസ് സമുദായം
ഡ്രൂസ് മതവിഭാഗത്തിൽപ്പെട്ടവർ ഏബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന ഏകദൈവ വിശ്വാസികളാണ്. വടക്കൻ ഇസ്രയേൽ, ജോർദാൻ, സിറിയ എന്നിവടങ്ങളിലാണ് ഇവരുള്ളത്. 1967ലെ ആറുദിന യുദ്ധത്തിൽ ഇസ്രേലി സേന സിറിയയിലെ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തു. 1981ൽ ഇസ്രേലി സർക്കാർ ഡ്രൂസുകൾക്ക് പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും എല്ലാവരും സ്വീകരിക്കാൻ തയാറായില്ല. ഇസ്രേലി സേനയിലെ യഹൂദയിതര വിഭാഗങ്ങളിൽ എണ്ണംകൊണ്ട് മുന്നിൽ ഡ്രൂസുകളാണ്.
ഇറാന് വളർത്തിയ ഹിസ്ബുള്ള
എൺപതുകളുടെ തുടക്കത്തിൽ ഇസ്രയേലിനെ എതിർക്കാനായി ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലുള്ള ലബനനിൽ ഇറാൻ രൂപീകരിച്ച ഷിയാ മുസ്ലിം സംഘടനയാണ് ഹിസ്ബുള്ള. ഈ സമയം ലബനന്റെ തെക്കൻ ഭാഗം ഇസ്രേലി അധിനിവേശത്തിലായിരുന്നു.
1992ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹിസ്ബുള്ള ലബനനിലെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറി. ഹിസ്ബുള്ളയുടെ സായുധവിഭാഗം ലബനനിലെ ഇസ്രേലി, യുഎസ് സേനകൾക്കെതിരേ നിരന്തരം ആക്രമണങ്ങൾ നടത്തി. 2000ൽ ഇസ്രേലി സേന ലബനനിൽനിന്ന് പിൻവാങ്ങിയതിന്റ ക്രെഡിറ്റ് ഹിസ്ബുള്ളകൾ സ്വന്തമാക്കി.
ഇസ്രേലി അതിർത്തിയിൽ പോരാളികളും മിസൈലുകളും ഹിസ്ബുള്ള വിന്യസിച്ചിട്ടുണ്ട്. 2006ൽ ഹിസ്ബുള്ളകൾ അതിർത്തികടന്ന് ഇസ്രയേലിൽ നടത്തിയ റെയ്ഡ് പൂർണയുദ്ധത്തിലാണു കലാശിച്ചത്. ഇസ്രേലി സേന ലബനനിൽ അധിനിവേശം നടത്തിയെങ്കിലും ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞില്ല. ഇതിനുശേഷം ഹിസ്ബുള്ളയിൽ ആളും ആയുധവും വർധിച്ചുതുടങ്ങി. ഇറേനിയൻ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഷെയ്ഖ് ഹസൻ നസറുള്ളയാണ് ഹിസ്ബുള്ളാ മേധാവി.
ഇസ്രേലി സേന വധിക്കുമെന്ന ഭീതിയാൽ ഇദ്ദേഹം വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. എല്ലാ ആഴ്ചയും ടിവി പ്രഭാഷണങ്ങൾ നടത്താറുണ്ട്.