മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അരക്കിലോയോളം സ്വർണം പിടികൂടി. ആഭ്യന്തര യാത്രക്കാരനിൽ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ സ്വദേശി സി.കെ. ജസീലിൽ നിന്നാണ് 22 ലക്ഷത്തോളം രൂപ വരുന്ന അരക്കിലോയോളം സ്വർണം പിടിച്ചത്.
ബംഗളൂരു വഴി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.
തിങ്കളാഴ്ച വൈകുന്നേരം ഏഴിന് വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വച്ച് പരിശോധനയ്ക്കിടെയാണ് സിഐഎസ്എഫ് സ്വർണം പിടികൂടിയത്.
വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതാണെന്നാണ് സൂചന.
പേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് പരിശോധനയ്ക്കിടെ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണ് രണ്ട് ഗോൾഡ് കോമ്പൗണ്ടുകൾ സിഐഎസ്എഫ് കണ്ടെത്തിയത്.
പിടിയിലായ യാത്രക്കാരൻ ഗൾഫ് എയർ വഴി ബഹറിനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തളം വഴിയെത്തിയതായിരുന്നുവെന്നാണ് വിവരം.
യാത്രക്കാരനെ പിടികൂടിയ 550 ഗ്രാം തൂക്കമുള്ള പേസ്റ്റ് രൂപത്തിലുള്ള സ്വർണംകസ്റ്റംസിന് കൈമാറിയ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.