മട്ടന്നൂര്‍: നവകേരള മിഷന് പദ്ധതിയുടെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയില്‍ ജനവരി ഒന്നു മുതല്‍ ഹരിത പെരുമാറ്റച്ചട്ടം നിലവില്‍ വരും. എല്ലാ വാര്‍ഡുകളിലും ഹരിത വാര്‍ഡുസഭകള്‍ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കും. ജനവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയാണ് പദ്ധതിയുടെ ആദ്യഘട്ടം. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും.
മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അയല്‍ക്കൂട്ടത്തിനും എ.ഡി.എസിനും അവാര്‍ഡ് നല്‍കും. സ്കൂളുകളില്‍ ഉപന്യാസ മത്സരം, പ്രൊജക്ട് തയ്യാറാക്കല്‍ എന്നിവ നടത്തും. ജനവരി 10 മുതല്‍ 31 വരെ നഗരസഭയ്ക്കകത്ത് നടക്കുന്ന പ്രകൃതി സൗഹൃദ വിവാഹച്ചടങ്ങുകള്‍ പരിശോധിച്ച് മികച്ചതിന് രണ്ട് പവന് സ്വര്‍ണ്ണം സമ്മാനമായി നല്‍കും. ചടങ്ങുകള്‍ ലളിതവും പ്ലാസ്റ്റിക് രഹിതവുമായി നടത്തണം.
പന്തല്‍, മറ്റ് അലങ്കാരങ്ങള്‍ എന്നിവയ്ക്ക് പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കുകയും ചടങ്ങിന് ശേഷം മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്ക്കരിക്കുകയും ചെയ്യണം. നഗരസഭയുടെ സമിതിയാണ് ചടങ്ങ് പരിശോധിച്ച് സമ്മാനം നിര്‍ണ്ണയിക്കുക. വിവാഹ ചടങ്ങ് നടത്തുന്നവര്‍ നഗരസഭാ ചെയര്മാന് ഒരാഴ്ച മുമ്പ് രേഖാമൂലം അപേക്ഷ നല്‍കണം.