കോഴിക്കോട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും നഷ്ടപ്പെട്ട അഞ്ചേമുക്കാല്‍ പവന് തൂക്കംവരുന്ന തിരുവാഭരണം തിരികെ കിട്ടി. അമ്പലത്തിലെ കസേരകളും മറ്റും കൂട്ടിയിടുന്ന ഷെഡില്‍ തൂക്കിയിട്ടനിലയിലായിരുന്നു തിരുവാഭരണം കിടന്നിരുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞദിവസം അമ്പലത്തിലെ തെക്കേനടയോടു ചേര്‍ന്ന് ഗോവിന്ദപുരം എയുപിസ്കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ആഭരണം ലഭിച്ചത്. ഏഴാംക്ലാസ് വിദ്യാർഥിക്കാണ് ആഭരണം കിട്ടിയത്. തുടര്‍ന്ന് കുട്ടി ആഭരണം മറ്റാരുടേയോ കയ്യില്‍ നിന്നും വീണ്ടുപോയതായിരിക്കുമെന്നുകരുതി സമീപത്തെ ഷെഡില്‍ തൂക്കിയിടുകയായിരുന്നു.
ഇന്നലെ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ യോഗത്തിനായി ഷെഡില്‍ നിന്നും കസേര എടുക്കാന്‍ ചെന്നപ്പോഴാണ് ഷെഡില്‍ തൂക്കിയിട്ടനിലയില് ആഭരണം കണ്ടെത്തിയത്. ഒറ്റേനാട്ടത്തില്‍ തന്നെ ഇത് ദേവന്റെ തിരുവാഭരണമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് എസ്ഐ പി.കെ. വിനോദൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘംസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ആഭരണം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ദേവന്റെ വെള്ളിയില്‍ തീര്‍ത്ത കീരിടം ഉപേക്ഷിച്ച നിലയില്‍ കവര്‍ച്ച നടന്ന ദിവസം തന്നെ ക്ഷേത്ര പരിസരത്തുനിന്നും കണ്ടെത്തിയിരുന്നു.ഏപ്രില്‍ 24ന് രാവിലെയാണ് ക്ഷേത്രഭണ്ഡാരത്തില്‍ നിന്നും 25,000 രൂപയും തിരുവാഭരണവും കളവുപോയത്.
23-ന് രാത്രി എട്ടിനാണ് ക്ഷേത്രം അടച്ചു മേല്‍ശാന്തിയും ജീവനക്കാരും പോയത്. ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തുള്ള വാതിലിന്റെ പൂട്ടു പൊളിച്ചാണു മോഷ്ടാവ് അകത്തുകയറിയതെന്നായിരുന്നു പോലീസ് നിഗമനം.ശ്രീകോവിലിന്റെ വാതില്‍ താക്കോലിട്ടു പൂട്ടിയിരുന്നില്ല. ഈ വാതില്‍ തുറന്നു അകത്തുകയറിയാണു തിരുവാഭരണം കവര്‍ന്നതെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. ദേവകോപം ഭയന്നോ, ആരെങ്കിലും ഒറ്റിക്കൊടുക്കുമെന്ന ഭീതിയിലോ, ആഭരണം തിരികെ കൊണ്ടുവന്നതാകാമെന്നാണ് നിഗമനം.