തിരുവനന്തപുരം: തലസ്ഥാനത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം കവർന്നു. മണക്കാട് മുക്കോലയ്ക്കൽ താമസിക്കുന്ന ബിജുവിനെയാണ് ഇന്നു പുലർച്ചെ ആക്രമിച്ച് സ്വർണം കവർന്നത്. തൃശൂരിൽ നിന്ന് ഗുരുവായൂർ എക്സ്പ്രസിൽ പുലർച്ചെ 4.30നാണ് ബിജു തലസ്ഥാനത്ത് എത്തിയത്.
അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ സ്വർണവുമായി വീട്ടിലേയ്ക്ക് മടങ്ങവെ കാറിലെത്തിയ സംഘം ബിജുവിനെ ആക്രമിക്കുകയായിരുന്നു. കാർ കുറുകെ ഇട്ട ശേഷം ബിജു സഞ്ചരിച്ച കാർ അടിച്ച തകർത്ത സംഘം ബിജുവിനെ മർദ്ദിച്ച് സ്വർണം കവരുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തിയായ അരുമനയിലാണ് ബിജു ജ്വല്ലറി നടത്തുന്നത്. ബിജുവിനെ ആക്രമിച്ച് സ്വർണം കവരുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യവും കാറിന്റെ നന്പരും പോലീസിന് ലഭിച്ചിട്ടുണ്ട്.
ബിജു സ്വർണവുമായി എത്തുന്ന വിവരം കൃത്യമായ വിവരം അറിയുന്നവരാണ് മോഷണത്തിന് പിന്നിലുള്ളതെന്ന് പോലീസ് സംശയിക്കുന്നു. റെയിൽവേ സ്റ്റേഷൻ മുതൽ ബിജുവിനെ സംഘം പിന്തുടരുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഫോർട്ട് എസി പ്രതാപൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. വാഹനത്തിന്റെ നന്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോർട്ട് പോലീസ് അറിയിച്ചു.