തിരുവനന്തപുരം തലസ്ഥാനത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായി ആഷിഖ്, സനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ തൃശൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഫോർട്ട് എസി പ്രതാപൻനായരുടെ നേതൃത്വത്തിൽ ഫോർട്ട് സി.ഐ ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
മണക്കാട് മുക്കോലയ്ക്കൽ താമസിക്കുന്ന ബിജുവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. തൃശൂരിൽ നിന്ന് ഗുരുവായൂർ എക്സ്പ്രസിൽ പുലർച്ചെ തലസ്ഥാനത്ത് എത്തിയ ബിജു വീട്ടിലേയ്ക്ക് കാറിലേയ്ക്ക് വരുന്പോഴാണ് ഒരു സംഘം കാർ തടഞ്ഞു നിർത്തി ആക്രമിച്ച് സ്വർണം കവർന്നത്. കേരള തമിഴ്നാട് അതിർത്തിയായ അരുമനയിലാണ് ബിജു ജ്വല്ലറി നടത്തുന്നത്.
ബിജുവിനെ ആക്രമിച്ച് സ്വർണം കവരുന്ന സംഘത്തിൻറെ സിസിടിവി ദൃശ്യവും കാറിന്റെ നന്പരും പോലീസിന് ലഭിച്ചിരുന്നു. കാറിന്റെ നന്പർ പരിശോധിച്ചതിലൂടെ ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടന്നത്. കേസിൽ ഇവരുടെ കൂടി അറസ്റ്റോടെ ഈ കേസിൽ ഏഴുപേർ പിടിയിലായി.
ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. മറ്റു പ്രതികളെല്ലാം റിമാന്റിലാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ കവർച്ച നടത്തിയ സ്വർണം കണ്ടെത്താൻ സാധിക്കു. റിമാന്റിൽ കഴിയുന്നവരുടെ കസ്റ്റഡി അപേക്ഷ ഫോർട്ട് പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.ഇവരെ ഫോർട്ട് എസി പ്രതാപൻനായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.