തിരുവനന്തപുരം: തലസ്ഥാനത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്ന കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മണക്കാട് മുക്കോലയ്ക്കൽ താമസിക്കുന്ന ബിജുവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് ഇവർ കസ്റ്റഡിയിലായത്.
തൃശൂരിൽ നിന്ന് ഗുരുവായൂർ എക്സ്പ്രസിൽ പുലർച്ചെ തലസ്ഥാനത്ത് എത്തിയ ബിജു വീട്ടിലേയ്ക്ക് കാറിലേയ്ക്ക് വരുന്പോഴാണ് ഒരു സംഘം കാർ തടഞ്ഞു നിർത്തി ആക്രമിച്ച് സ്വർണം കവർന്നത്. ഷാഡോ പോലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. കേരള തമിഴ്നാട് അതിർത്തിയായ അരുമനയിലാണ് ബിജു ജ്വല്ലറി നടത്തുന്നത്.
ബിജുവിനെ ആക്രമിച്ച് സ്വർണം കവരുന്ന സംഘത്തിൻറെ സിസിടിവി ദൃശ്യവും കാറിന്റെ നന്പരും പോലീസിന് ലഭിച്ചിരുന്നു. കാറിന്റെ നന്പർ പരിശോധിച്ചതിലൂടെ ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ കസ്റ്റഡയിലെടുത്തത്. ഇവരെ ഫോർട്ട് എസി പ്രതാപൻനായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.