സ്വന്തംലേഖകന്‍
കോഴിക്കോട് : വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാനുള്ളവരെ ഇടനിലക്കാര്‍ വഴി സമീപിച്ചും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തും പണം തട്ടിയ ദമ്പതികള്‍ക്കെതിരേ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തിവന്നിരുന്ന കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി സിബി, ഭാര്യ നുസ്രത്ത്, സഹായി സേതുമാധവന് എന്നിവര്‍ക്കെതിരേയാണ് കസബ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ജാമ്യം നല്‍കരുതെന്നും പ്രതികള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്നും കാണിച്ചാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഗുരുവായൂരിലെ ലോഡ്ജ് ജീവനക്കാരില്‍ നിന്ന് പണം തട്ടി രക്ഷപ്പെട്ടിരുന്നതായും പോലീസിനു വ്യക്തമായി. നിലവില്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ പ്രതികള്‍ ഉണ്ടെന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേസ് 19 ന് പരിഗണിക്കുന്നതു വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
ദമ്പതികള്‍ക്കെതിരേ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തുന്നുണ്ട്. അതേസമയം പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍ ഇരകള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കണ്ണൂര്‍, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, മലപ്പുറം, തൃശൂര്‍ , എന്നിവിടങ്ങളിലാണ് പ്രതികള്‍ക്കെതിരേ പരാതി ഉയര്‍ന്നത്.
മകളുടെ വിവാഹ ആവശ്യത്തിന് സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് ഏറനാട് അകമ്പാടം സ്വദേശി സിജി സുരേഷ്കുമാറില്‍ നിന്നും രണ്ടുലക്ഷം തട്ടിയ കേസിലാണ് കസബ പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അതിനിടെ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സൈക്കോളജിസ്റ്റ് 7,20,000 രൂപ ദമ്പതികള്‍ തട്ടിയെടുത്തതായി പരാതിയുമായെത്തിയത് .
കോഴിക്കോട് ബാറിലെ അഭിഭാഷകനായ എടവണ്ണപ്പാറ സ്വദേശി വേലായുധന്, പൊറ്റമ്മലിലെ ജ്യോത്സ്യന് പ്രജീഷ് എന്നിവരും തട്ടിപ്പിനിരയായിട്ടുണ്ട്. അതേസമയം ആദ്യഘട്ടത്തില്‍ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്താത്തിനെ തുടര്‍ന്നാണ് പ്രതികള്‍ മാങ്കാവില്‍ വീട് വാടകയ്ക്കെടുത്ത് തട്ടിപ്പ് തുടര്‍ന്നതെന്നാണ് ആരോപണം.
ബംഗളൂരുവിൽ കൂട്ടിക്കൊണ്ടുപോയി വ്യാജരേഖകള്‍ കാണിച്ചാണ് കോഴിക്കോട് ജയില്‍ റോഡിലുള്ള ഹാരിസ് എന്നയാളുടെ ഭാര്യ ഖദീജയില്നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ഇവര്‍ ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
2017 മേയില്‍ രാജാജി റോഡിലുള്ള സഫ ടൂറിസ്റ്റ് ഹോമില്‍ തമസിച്ചവരികയായിരുന്നു സിജി സുരേഷ്കുമാര്‍ അവിടെ വച്ചാണ് തട്ടിപ്പിനിരയായത്. തൊട്ടടുത്ത മുറിയിലായിരുന്നു തട്ടിപ്പുകാരായ സിബിയും നുസ്രത്തും താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു. രണ്ടാമത്തെ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്ന കാര്യം ഇവരോട് സൗഹൃദസംഭാഷണത്തിനിടെ സൂചിപ്പിച്ചിരുന്നു.
കോഴിക്കോട് കമ്മത്ത് ലൈനിനുള്ള ഒരു ജ്വല്ലറിയില്‍ നിന്നും തങ്ങള്‍ക്ക് 500 പവനോളം സ്വര്‍ണം കിട്ടാനുണ്ടെന്നും അതില്‍ നിന്നും 15 പവന് സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സ്വര്‍ണ കടത്തുകാരന്റെ വിവരങ്ങള്‍ കസ്റ്റംസിന് ചോര്ത്തിക്കൊടുത്തതിനാല് റിവാര്‍ഡായി 30 ശതമാനം തങ്കക്കട്ടികള്‍ ലഭിച്ചതായും പറഞ്ഞു.
ജ്വല്ലറിയില്‍ സിബിയുടെ സുഹൃത്തായ സേതുമാധവന് മുഖേനയാണ് ഇടപാടുകള്‍ നടത്തിയതെന്നും അറിയിച്ചു. 15 പവന് സ്വര്‍ണത്തിന് ബില്ല് വേണമെങ്കില്‍ രണ്ട് ലക്ഷം രൂപ മൊത്തം കൊടുക്കണമെന്നും സ്വര്‍ണം കിട്ടിക്കഴിഞ്ഞാല്‍ മൂന്ന് മണിക്കൂറിനകം പണം തിരികേ നല്‍കാമെന്നും പറഞ്ഞു.
ഇതിനെ തുടര്‍ന്ന് 1,15,000 രൂപ പണമായും ബാക്കി 85,000 രൂപസേതുമാധവന്റെ എസ്ബിഐ അക്കൗണ്ടിലേക്ക് കുടുംബസുഹൃത്തായ നിലമ്പൂര്‍ മുതുകാട് സ്വദേശി വത്സലയുടെ അക്കൗണ്ടില്‍നിന്നും നല്‍കുകയും ചെയ്തു. മെയ് 15നായിരുന്നു ഇത്. പണം ലഭിച്ചതോടെ ഇവര്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നും മുങ്ങുകയായിരുന്നു.
സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ കൂടിയായ സെയ്ത് മുഹമ്മദ് കോയയാണ് രണ്ടാമത്തെ തട്ടിപ്പിനിരയായത്. തൃശൂര്‍ മെഡിക്കല്‍ മിഷന് ആശുപത്രി മേലാധികാരിയായ പുരോഹിതന് സിബിയുടെ സുഹൃത്താണെന്നും മാനേജ്മെന്റ് ക്വാട്ടയില്‍ രണ്ട് സീറ്റ് ഞങ്ങള്‍ക്കുള്ളതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു നുസ്രത്ത് തട്ടിപ്പ് നടത്തിയത്. ഇതിനായി 7,20,000 രൂപ വേണമെന്നും പറഞ്ഞു.
സഫാ ടൂറിസ്റ്റ് ഹോമില്‍ വച്ച് രണ്ട് ലക്ഷം വാങ്ങിയതിനുപുറമേ മാങ്കാവിലെ വീട്ടില്‍ വച്ച് മൂന്ന് ലക്ഷവും മെട്രോ ടൂറിസ്റ്റ് ഹോമില്‍ വച്ച് രണ്ട് ലക്ഷവും സേതുമാധവന്റെ അക്കൗണ്ടിലേക്ക് 20,000 രൂപയും പണമായി നല്കി. എന്നാല്‍ പിന്നീട് സീറ്റ് തരപ്പെടുത്താതിരുന്നതോടെ സംശയം വന്നു. ഒടുവില്‍ പണത്തെക്കുുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പരം മാനസികരോഗികളായി കുറ്റപ്പെടുത്തി പണം തരാതെ നീട്ടിക്കൊണ്ടുപോയി.
തുടര്‍ന്ന് ഇവരെ വീട്ടിൽചെന്ന് നേരില്‍ കണ്ടപ്പോള്‍ 7,20,000 രൂപ എഴുതി ഒപ്പിട്ടചെക്ക് നല്കി. എന്നാല്‍ ജനുവരി എട്ടിന് ചെറൂട്ടിറോഡിലെ ഫെഡറല്‍ബാങ്കില്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നും ഇതുപോലെ അവര്‍ പലര്‍ക്കും ചെക്കുനല്കിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.