മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്നു. പരിശോധന കർശനമാക്കി കസ്റ്റംസ്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു മൂന്ന് മാസം തികയുമ്പോഴേക്കും അഞ്ചു തവണകളിലായി പത്ത് കിലോ 600 ഗ്രാം സ്വർണമാണ് വിമാനയാത്രക്കാരിൽ നിന്ന് പിടികൂടിയത്.
ഇന്നലെ ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനിൽ നിന്ന് ഇന്ത്യൻ മാർക്കറ്റിൽ 55 ലക്ഷം രൂപ വിലമതിക്കുന്ന 1 കിലോ 830 ഗ്രാം സ്വർണമാണ് പിടികൂടിയത്. വൈകുന്നേരം ആറിന് ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷിൽ നിന്നാണ് സ്വർണം പിടികൂടിയിരുന്നത്. അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം.
പേസ്റ്റിൽ കലർത്തിയായിരുന്നു സ്വർണമുണ്ടായിരുന്നത്. പെയ്സ്റ്റ് അടക്കം 2,250 കിലോ ഗ്രാമുണ്ടായിരുന്നുവെങ്കിലും സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന്റെ നേതൃത്വത്തിൽ എ ബാച്ചിലെ ഓഫീസർമാർ പരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റിൽ കലർത്തിയ സ്വർണം നാല് മണിക്കൂറോളം സമയമെടുത്താണ് വേർതിരിച്ചെടുത്തത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ നിന്നാണ് ഇതുവരെ സ്വർണം പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധന കർശനമാക്കിയതാണ് സ്വർണക്കടത്ത് പിടികൂടുന്നത്. കണ്ണൂർ പിണറായി സ്വദേശിയാണ് ആദ്യമായി സ്വർണം കടത്തുമ്പോൾ പിടിയിലായത്. പിന്നീട് കോഴിക്കോട്, കാസർഗോഡ് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചാണ് കൂടുതലും സ്വർണക്കടത്ത് നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ കോടികളുടെ സ്വർണം പിടികൂടിയ അഭിമാനത്തിലാണ് കസ്റ്റംസ്.