നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) സംഘം ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. ശുചിമുറിയിൽവച്ച് യാത്രക്കാരൻ ഗ്രൗണ്ട് ഹാൻഡലിംഗ് സൂപ്രവൈസർക്ക് കൈമാറുന്നതിനിടയിലാണ് 3.25 കിലോഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചത്.
ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ്, ഗ്രൗണ്ട് ഹാൻഡലിംഗ് ഏജൻസിയായ പിഡബ്ല്യുഎഫ്എസിലെ സൂപ്രവൈസർ പോൾസണ്‍ ജോസഫ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദുബായിൽനിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയ എമറൈറ്റ്സിന്റെ വിമാനത്തിലാണ് മുഹമ്മദ് അഷ്റഫ് എത്തിയത്.
വിമാനത്തിൽനിന്ന് ഇറങ്ങിയ ഇയാൾ എമിഗ്രഷൻസ് ക്ലിയറൻസ് നടത്തുന്നതിനുമുന്‍പ് ശുചിമുറിയിലേക്കു പോകുകയായിരുന്നു. നേരത്തേയുള്ള ധാരണപ്രകാരം പോൾ ജോസഫ് അവിടെ കാത്തുനിന്നിരുന്നു. മുൻകൂട്ടി വിവരം ലഭിച്ചിരുന്നതിനനുസരിച്ച് കൊച്ചിയിൽനിന്നും എത്തിയിരുന്ന ഡിആർഐ ഉദ്യോഗസ്ഥർ ശുചിമുറിയിൽ പ്രവേശിച്ച് ഇരുവരെയും പിടികൂടുകയായിരുന്നു.