തിരുവനന്തപുരം: അരക്കോടിയിലേറെവിലയുള്ള സ്വർണാഭരണങ്ങളുമായി വിമുക്ത ഭടനെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. എറണാകുളം ആലുവ കറുകുറ്റി കാളപറന്പിൽ വീട്ടിൽ പത്രോസിന്റെ മകൻ സെബി(49)യാണ് പിടിയിലായത്.
ഇന്നു രാവിലെ ഏഴുമണിയോടെ നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഇൻസ്പെക്ടർ യു ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കിലോയോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ മതിയായ രേഖയോ ബില്ലോ ഇയാളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നികുതി വെട്ടിച്ച് അനധികൃതമായി തലസ്ഥാനത്തെ ജുവലറികളിലേയ്ക്ക് വിൽപനയ്ക്കായി കൊണ്ടുവന്നതെന്നാണ് സംശയിക്കുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം ജി.എസ്.ടി വകുപ്പിന് കൈമാറും.
എക്സൈസ് ഇൻസ്പെക്ടർ ഷാനവാസിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ആർ രതീഷ്, എസ് സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി ശങ്കർ, ആർ രാജീവ്,എം വിശാഖ്, വി.വി വിനോദ്, എസ്.എസ് ബിജുകുമാർ, എസ് ബിജു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.