തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഡിആർഐ സംഘം നടത്തിയ പരിശോധനയിൽ 25 കിലോ സ്വർണം പിടിച്ചെടുത്തു. രണ്ട് യാത്രക്കാരെ ഡിആർഐയും കസ്റ്റംസ് അധികൃതരും കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് പുലർച്ചെ ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലൂടെയാണ് സ്വർണം തിരുവനന്തപുരത്തെത്തിച്ചത്. പിടിയിലായ തിരുമല സ്വദേശി സുനിലിനെയും മറ്റൊരു യാത്രക്കാരനെയും കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വിപണിയിൽ എട്ട് കോടിയിൽപരം രൂപ വിലപിടിപ്പുവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ ഡിആർഐ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
ഈ അടുത്ത കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇന്ന് നടന്നത്. നേരത്തെ സ്വർണം പിടികൂടിയപ്പോൾ വിമാനത്താവളത്തിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് തെളിയുകയും ഒരു ജീവനക്കാരനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു.