നിലന്പൂർ: വിദേശത്തു നിന്നു ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 2.316 കിലോഗ്രാം സ്വർണവുമായി രണ്ടു പേരെ നിലന്പൂർ പോലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. പട്ടാന്പി വിളയൂർ വെസ്റ്റ് സ്വദേശി മൂളാക്കൽ വിനീഷ്(26), മണ്ണാർക്കാട് പെരുന്പാടിരി സ്വദേശി നെല്ലിക്കാവട്ടയിൽ മുജീബ് റഹ്മാൻ(42) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നിലന്പൂർ സിഐ കെ.എം.ബിജു, ടൗണ് ഷാഡോ ടീം എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്നു നിലന്പൂർ കഐസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നു 80 ലക്ഷത്തോളം രൂപ വിലവരുന്ന 2.316 കിലോഗ്രാം സ്വർണക്കട്ടിയുമായാണ് ഇരുവരും പിടിയിലായത്. വിനീഷ് വിദേശത്തു നിന്നു കൊണ്ടുവന്നു കൈമാറുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. വിദേശനിർമിത ഹോം തിയറ്ററിന്റെ വൂഫറിനുള്ളിൽ ഒളിപ്പിച്ച് പായ്ക്ക് ചെയ്ത നിലയിലായിരുന്നു സ്വർണം.
എയർപോർട്ടിൽ സ്കാനിംഗിൽ തെളിയാതിരിക്കാൻ പ്രത്യേകം കവറിംഗ് ചെയ്താണ് ഒളിപ്പിച്ചിട്ടുള്ളത്. സിഐയ്ക്കു പുറമെ പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, ശശി കുണ്ടറക്കാട്, സത്യനാഥൻ, ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, മനോജ് കുമാർ, സക്കീറലി, സത്യനാഥൻ മങ്ങാട്ട്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വിദേശത്തു നിന്നു കരിപ്പൂർ എയർപോർട്ട് വഴി സ്വർണക്കട്ടികൾ ആഴ്ചയിൽ പല ദിവസങ്ങളിലായി വ്യത്യസ്ത ഏജന്റുമാർ കടത്തുന്നുണ്ടെന്ന് ഈ സംഘത്തിന്റെ അറസ്റ്റോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങളെക്കുറിച്ചും മറ്റും കൂടുതൽ അന്വേഷണം നടത്തുമെന്നു ഡിവൈഎസ്പി, സിഐ എന്നിവർ അറിയിച്ചു.