കൊണ്ടോട്ടി: കസ്റ്റംസിന്റെ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം യാത്രക്കാരന്റെ വയറ്റിനുളളിലുളള തൊണ്ടിമുതൽ പുറത്തുവന്നപ്പോൾ ലഭിച്ചതു പത്തര ലക്ഷത്തിന്റെ സ്വർണം.തിങ്കളാഴ്ച രാത്രി അബുദാബിയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി നവാസിന്റെ വയറ്റിൽ നിന്നാണ് ഇന്നലെ 346 ഗ്രാമിന്റെ ഏഴു സ്വർണ ഉരുളകൾ പോലെയുള്ള കഷണങ്ങൾ പുറത്തെടുത്തത്.
നവാസിന്റെ വൻകുടലിൽ തങ്ങിനിന്ന സ്വർണം മൂന്നു ദിവസത്തിനു ശേഷമാണ് പുറത്തു വന്നത്. ലോഹഭാഗങ്ങൾ സ്വർണമാണെന്നു സ്ഥിരീകരിച്ചതോടെ ഇയാൾക്കെതിരേ കരിപ്പൂർ കസ്റ്റംസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നവാസിനെ കസ്റ്റംസ് തടഞ്ഞു പരിശോധന നടത്തിയത്. എക്സ്റേ പരിശോധനയിൽ വൻകുടലിന്റെ താഴ്ഭാഗത്ത് ലോഹഭാഗങ്ങൾ കണ്ടെത്തി. എന്നാൽ ഇതു പുറത്തെടുക്കാനായി കസ്റ്റംസിന് കണ്ണുചിമ്മാതെ കാത്തിരിക്കേണ്ടിവന്നു.
എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുവാവിനെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലും എത്തിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ മുറിയിൽ പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കിയാണ് സ്വർണം പുറത്തെടുക്കാൻ ശ്രമം നടത്തിയത്.
വയറ്റിൽ കുടുങ്ങിയ സ്വർണം പഴവും മരുന്നും നൽകിയാണ് ഡോക്ടർമാർ മൂന്നു ദിവസം കൊണ്ടു പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ ആറെണ്ണം ലഭിച്ചെങ്കിലും ഒന്നു കുടലിൽ ഉടക്കിയതോടെ വീണ്ടും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.
ചെറിയ ഗോട്ടി രൂപത്തിലുളള സ്വർണം ഇയാൾ വിഴുങ്ങിയാണ് എത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു. വിമാന ടിക്കറ്റിനും 24,000 രൂപയ്ക്കും വേണ്ടിയാണ് നവാസ് സ്വർണക്കടത്തിന് തുനിഞ്ഞത്. മുമ്പും ഇയാൾ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തിയിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു.