എരുമേലി: ബധിരരും മൂകരുമായ ദമ്പതികൾ മൂന്ന് സ്ഥാപനങ്ങളിൽ പണയം വച്ച സ്വർണം തിരിച്ചെടുത്തപ്പോൾ ഒരു ഉരുപ്പടി വ്യാജമാണെന്ന പരാതിയിൽ വാസ്തവം തേടി വട്ടം ചുറ്റിയത് പോലീസ്. ഇന്നലെ രാത്രി ഏഴോടെ എരുമേലിയിലാണ് സംഭവം. പരാതിയിൽ വാസ്തവം കണ്ടെത്താനാകാതെ തലപുകച്ച പോലീസ് ഒടുവിൽ അടുത്ത ദിവസത്തേക്ക് അന്വേഷണം നീട്ടിവച്ചെന്നറിയിച്ച് പരാതിക്കാരെ മടക്കിവിട്ടു.
ദമ്പതികൾ മൂന്നു സ്ഥാപനങ്ങളിലായി പണയം വച്ച സ്വർണ വളകൾ ഒരേ ദിവസം തിരിച്ചെടുത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു വള മുക്കുപണ്ടം ആണെന്ന് തോന്നിയത് . സംശയം തോന്നിയ സ്ഥാപനത്തിൽ ഇവർ ബന്ധുക്കളുമായെത്തി പരാതിപ്പെട്ടപ്പോൾ മുക്കുപണ്ടം കാട്ടി തട്ടിപ്പിന് ശ്രമിക്കുകയാണോയെന്ന് സ്ഥാപന ഉടമയ്ക്ക് സംശയം.
ഒച്ചപ്പാടും ബഹളവുമായതോടെ സ്ഥാപനത്തിന് മുമ്പിൽ ആൾക്കൂട്ടമായി. ഒടുവിൽ പോലീസെത്തി ഇരുകൂട്ടരുമായി തിരിച്ചും മറിച്ചും സംസാരിച്ചിട്ടും മുക്കുപണ്ടം എങ്ങനെ കിട്ടിയെന്നത് വ്യക്തമായില്ല. പണയം സ്വീകരിച്ച സ്ഥാപന ഉടമകൾ തങ്ങൾ ഇടപാടുകാരന് നൽകിയത് അവർ വച്ച അതേ സ്വർണ ഉരുപ്പടിയാണെന്ന് അറിയിക്കുകയായിരുന്നു.
കണമല മൂക്കൻപെട്ടി സ്വദേശികളായ ദമ്പതികളാണ് സ്വർണം പണയം വച്ച ശേഷം പിന്നീട് തിരികെയെടുത്തപ്പോൾ വ്യാജ സ്വർണം കിട്ടിയെന്ന് പരാതിപ്പെട്ടത്. ഇന്ന് കൂടുതൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് സിഐ ദിലീപ് ഖാൻ അറിയിച്ചു.