കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സംഘം കണ്ടെത്തിയതായാണു പുറത്തുവരുന്ന വാര്‍ത്തകള്‍.
കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണു വിവരങ്ങള്‍.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ആഫ്രിക്കന്‍ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ചും എന്‍ഐഎ സംശയം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് സ്വര്‍ണബാറുകള്‍ യുഎഇയിലേക്ക് എത്തിച്ചശേഷമാണു കേരളത്തിലേക്കു കടത്തിയിരുന്നതായാണു പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. സ്വര്‍ണക്കടത്ത് കേസിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായ സംശയങ്ങളെ ബലപ്പെടുത്തുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍.
ഇവിടുള്ള ലഹരി, കൊള്ള സംഘങ്ങൾ വഴി ആഫ്രിക്കയിലെ വിവിധയിടങ്ങളിലുള്ള ഖനികൾ കൊള്ളയടിക്കുകയും ഇങ്ങനെ ലഭിക്കുന്ന സ്വർണ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നതായും സംശയിക്കുന്നുണ്ട്. ഇതെല്ലാം സംബന്ധിച്ച് എന്‍ഐഎ വിശദമായ അന്വേഷണം നടത്തിയേക്കും.
അതിനിടെ, കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് എന്‍ഐഎ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ വിധി പത്തിനറിയാം. എന്‍ഐഎയുടെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണു കോടതി ജാമ്യാപേക്ഷ വിധിപറയാനായി മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാദത്തിനിടെ എന്‍ഐഎ കോടതിയെ അറിയിച്ചത്. ശിവശങ്കരന് തന്റെ മാര്‍ഗദര്‍ശിയാണെന്നും മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്ന സുരേഷിന്റെ മൊഴിയിലുണ്ടെന്നു എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് എന്‍ഐഎ അറിയിച്ചിട്ടുള്ളത്. കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമാണു എന്‍ഐഎ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ,
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് കസ്റ്റംസും വ്യക്തമാക്കി. അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയിലാണു കസ്റ്റംസ് ഈ വിവരം അറിയിച്ചിട്ടുള്ളത്.
എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്ന ഫ്ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദേഹം വഴങ്ങിയില്ലെന്നും കസ്റ്റംസ് നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അതിനിടെ, യുഎഇ കോണ്‍സുലേറ്റിലേക്ക് അയച്ച പാക്കറ്റുകള്‍ സംബന്ധിച്ചും ദുരൂഹത ഉയരുകയാണ്. മതഗ്രന്ഥമടങ്ങിയ പാഴ്സലുകള്‍ കോണ്സുലേറ്റില്നിന്നുമാണ് എത്തിച്ചതെന്നും അവിടെനിന്ന് സര്‍ക്കാര്‍ വാഹനത്തില്‍ മലപ്പുറത്തേയ്ക്കു കൊണ്ടുപോകുകയുമായിരുന്നുവെന്നു മന്ത്രി തലത്തില്‍ വ്യക്തമാക്കുമ്പോള്‍ മറിച്ച് ഇവിടെയും തട്ടിപ്പുകള്‍ നടന്നതായ ആക്ഷേപമാണ് പുറത്തുവരുന്നത്.