കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങി.
സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ നിര്‍ദേശപ്രകാരം സിഡാക്കാണ് ഇന്നലെ മുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.
ഏതെല്ലാം ദിവസങ്ങളിലെ ദൃശ്യങ്ങളാണ് വേണ്ടതെന്ന് സിഡാക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുപ്രകാരം ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും ദൃശങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തുന്നുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
ഒരു മാസമെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യമായി വരുമെന്നാണ് എന്‍ഐഎ കരുതുന്നത്. 2019 ജൂലൈ മുതല്‍ 2020 ജൂണ്‍ വരെ സെക്രട്ടേറിയറ്റില്‍ ആരെല്ലാം വന്നുവെന്നതും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സന്ദര്‍ശിച്ചവര്‍ ആരെല്ലാമെന്നതും കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടത്.
സെക്രട്ടറിയേറ്റിലും പരിസരത്തുമായി 83 ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. കേസിലെ പ്രധാന പ്രതി സ്വപ്നസുരേഷുള്പ്പെടെ പ്രതികള്‍ സെക്രട്ടറിയറ്റില്‍ എത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ക്കായാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി എന്‍ഐഎ മൂന്ന് തവണ സെക്രട്ടറിയേറ്റിലെത്തിയിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ പരിശോധിക്കുന്നതിനും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തി കസ്റ്റഡിയില്‍ ലഭിക്കേണ്ടതായുണ്ട്.
ഇതിനാണ് സര്‍ക്കാരിനെ സമീപിച്ചത്. ദൃശ്യങ്ങള്‍ വിട്ടു നല്കുന്നതില് യാതൊരു എതിര്‍പ്പുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നതിനായി ഹാര്‍ഡ് ഡിസ്ക് വാങ്ങാന്‍ ഭരണാനുമതി ആവശ്യമായിരുന്നു.
പൊതുഭരണ വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗമാണ് നടപടി സ്വീകരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹാര്‍ഡ് ഡിസ്ക് ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. അതിനിടെയാണ് സിഡാക്ക് ദൃശ്യങ്ങള്‍ ഓരോന്നായി കണ്ടെത്താനും അവ പകര്‍ത്താനും തുടങ്ങിയത്.