കടുത്തുരുത്തി: ഓട്ടുപാത്രം വെളുപ്പിച്ചുകൊടുക്കാമെന്ന വ്യാജേന വീട്ടിലെത്തിയ ആൾ വീട്ടമ്മയുടെ സ്വർണമാല കവർന്നു. മൂന്നേകാൽ പവനാണ് നഷ്ടപ്പെട്ടത്. ഞീഴൂർ തുരുത്തിപ്പള്ളി കുറവൻപറന്പിൽ ശ്രീകാന്തിന്റെ ഭാര്യ അഖില(25)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 10.30-ന് തുരുത്തിപ്പള്ളിയിലാണ് സംഭവം. ഈ സമയത്ത് അഖിലയും ഒന്നര വയസുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഓട്ടുപാത്രം വിളക്കിത്തരാമെന്നു പറഞ്ഞു ശ്രീകാന്തിന്റെ വീട്ടിലെത്തിയ ആൾ രണ്ട് ഓട്ടുപാത്രങ്ങൾ വീട്ടമ്മയിൽനിന്നു വാങ്ങി വെളുപ്പിച്ചു നൽകി. സ്വർണാഭരണങ്ങളും ഇതുപോലെ വെളുപ്പിച്ചുതരാമെന്നു പറഞ്ഞ് അഖിലയുടെ കഴുത്തിൽ കിടന്ന അഞ്ചു പവന്റെ മാല വാങ്ങിയശേഷം ഇയാൾ കൈവശമുണ്ടായിരുന്ന രാസലായനിൽ മുക്കി. കുറച്ചു സമയങ്ങൾക്കുശേഷം മഞ്ഞപ്പൊടിയിൽ മുക്കിയ മാല പേപ്പറിൽ പൊതിഞ്ഞ് വീട്ടമ്മയുടെ കൈയിൽ തിരികെ നൽകി.
മുപ്പതു മിനിറ്റിനു ശേഷമേ തുറന്നു നോക്കാവൂ എന്നു പറഞ്ഞ് ഇയാൾ വേഗത്തിൽ സ്ഥലംവിട്ടു. ഇയാൾ വീട്ടിൽ നിന്നിറങ്ങിയപ്പോൾ സംശയം തോന്നിയ വീട്ടമ്മ ഉടൻതന്നെ പൊതി തുറന്ന് മാല വെള്ളത്തിൽ കഴുകി നോക്കിയപ്പോൾ മാലയ്ക്കു ചെന്പ് കളറാവുകയും തൂക്കത്തിൽ വലിയ കുറവ് കാണുകയും ചെയ്തു. മാല തൂക്കി നോക്കിയപ്പോൾ ഒന്നേമുക്കാൽ പവനോളമേ ഉണ്ടായിരുന്നുള്ളു.
ഉടൻതന്നെ സമീപത്തെ വീടുകളിൽ ഇയാളെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ നാട്ടുകാർ ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സമയം തട്ടിപ്പ് നടത്തിയ ആൾ സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി കടുത്തുരുത്തിയിലെത്തി സ്ഥലം വിടുകയായിരുന്നുവെന്നു പിന്നീടുള്ള അന്വേഷണത്തിൽ മനസിലായി. സംഭവം സംബന്ധിച്ചു ശ്രീകാന്തും ഭാര്യയും കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.