ചേര്‍ത്തല: ചേര്‍ത്തല ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദമൂട്ടിനിടെ വീട്ടമ്മയുടെ മൂന്ന് പവൻ മാല മോഷണം പോയി. വയലാര്‍ കളവംകോടം മീനത്തക്കരി ഓമനയുടെ മാലയാണ് നഷ്ടമായത്.
ഇന്നലെ പകല്‍ ഒന്നോടെയായിരുന്നു സംഭവം. ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെയായിരുന്നു മോഷണം.
കൈ കഴുകുന്നതിനിടെ സാരി തല വഴി പുതച്ചെത്തിയ രണ്ട് യുവതികള്‍ അടുത്ത് വന്നിരുന്നെന്നും അവര്‍ മാറിയ ഉടനെയാണ് മാല നഷ്ടമായ വിവരം അറിഞ്ഞതെന്നും ഓമന പറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതിയുടെയും ചേരുവാരത്തിന്റെയും ഭാരവാഹികളും ഭക്തരും മറ്റും ഉടന്‍ തന്നെ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചേര്‍ത്തല പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രണ്ട് സ്ത്രീകളെക്കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു