കാട്ടാക്കട: റോഡില്‍ കുഴഞ്ഞുവീണ വീട്ടമ്മയുടെ ആറരപ്പവന്റെ സ്വർണാഭരണങ്ങൾ കവർന്ന് പകരം മുക്കുപണ്ടം അണിയിച്ചതായി പരാതി. മലയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം.
സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലയിൻകീഴ് ജംഗ്ഷനടുത്തുള്ള ഇടറോഡിലായിരുന്നു സംഭവം .മലയിൻകീഴിന് പൊറ്റയിൽ തിരുവാതിരയിൽ എസ്.കെ. വേണകുമാരന്റെ ഭാര്യ സതികുമാരിയുടെ (41) ആഭരണങ്ങളാണ് കവർന്ന് മക്കുപണ്ടം അണിയിച്ചതായി പരാതി നൽകിയിരിക്കുന്നത്. നാലര പവന്റെ താലി മാലയും കൈയിൽ കിടന്ന രണ്ട് പവന്റെ വളയുമാണ് കവർന്നത്. ഉൗരിയെടുത്ത താലിമാലയ്ക്ക് പകരം വിലയില്ലാത്ത മുക്കുപണ്ടം കഴുത്തിലിട്ട് മോഷ്ടാവ് കടന്നു കളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവം ഇങ്ങനെ: സതികുമാരി കാട്ടാക്കടയിലുള്ള തയ്യൽ ക്ലാസിൽ പോകാനായി രാവിലെ ബസിൽ കാട്ടാക്കട എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. സമീപത്തെ പരിചയമുള്ള പെണ്‍കുട്ടിയുടെ കംപ്യൂട്ടർ സ്ഥാപനത്തിൽ അൽപ്പനേരം വിശ്രമിച്ചശേഷം ബസ് സ്റ്റാൻഡിലെത്തി വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറി, അപ്പോഴേക്കും അസുഖം മൂർച്ഛിക്കുമെന്ന് തോന്നിയപ്പോൾ ഭർത്താവ് വേണുകുമാരനെ ഫോണിൽ വിളച്ച് തനിക്ക് അസ്വസ്തത വരുന്നുവെന്നും മലയിൻകീഴ് മാർക്കറ്റ് ജംഗ്ഷന് അടുത്തുള്ള അനുജന്റെ വീട്ടിൽ കാണുമെന്നും അറിയിക്കുന്നു.
മാർക്കറ്റ് ജംഗ്ഷന് സമീപം ബസ് ഇറങ്ങുന്പോഴേക്കും സതികുമാരി അവശയായി. എങ്കിലും ഇവിടെ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇടറോഡിൽ കുഴഞ്ഞുവീണു.വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ഉടനെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് ബോധം നഷ്ടപ്പെടാൻ കാരണം. തുടർന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് മാല തന്റേതല്ലെന്ന് സതികുമാരി തിരിച്ചറിയുന്നത്.
ഉടനെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ രാത്രി പരാതി നൽകിയത്.സംഭവത്തിൽ ദുരൂഹത ഉള്ളതായി പോലീസ് പറയുന്നു. പട്ടാപകൽ ഇങ്ങനൊരു സംഭവം നടക്കുമോ എന്നത് ഉൾപ്പടെ പോലീസ് അന്വേഷിക്കുകയാണ്. സതികുമാരിയുടെ മൊഴിയിലും വ്യത്യസ്തതകൾ ഉള്ളതായി പോലീസ് പറയുന്നു.