സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി അന്വേഷണ പരിധിയില്‍പ്പെട്ടാല്‍ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎം.
നിലവില്‍ എന്‍ഐഎ അന്വേഷണത്തെ സ്വാഗതം ചെയ്തുകഴിഞ്ഞ സിപിഎം കേന്ദ്രനേതൃത്വം അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പ്പെട്ടുകഴിഞ്ഞാല്‍ എന്തുചെയ്യണമെന്നകാര്യ ഇതിനകം ചര്‍ച്ചചെയ്തുകഴിഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണ പിന്തുണ നല്കുമ്പോഴും അന്വേഷണം ‘പരിധി’വിട്ടാല്‍ എന്തുചെയ്യണമെന്നകാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് പോലും ആശയക്കുഴപ്പമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് എല്ലാകാലവും സിപിഎം ഉയര്‍ത്തികൊണ്ടുവരുന്ന ആക്ഷേപം. എന്നാല്‍ നിലവില്‍ മറ്റുനിവൃത്തിയില്ലാതെ എന്‍ഐഎ അന്വേഷണത്തെ സ്വാഗതം ചെയ്യേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വലിയ അടുപ്പം പുലര്‍ത്താത്ത സിപിഎം ജനറല്‍ സക്രട്ടറി സിതാറാം യച്ചൂരിയുടെ നിലപാട് എന്താകുമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ജാഗ്രതക്കുറവ് മുഖ്യമന്ത്രിക്കുണ്ടായി എന്നതിനപ്പുറത്തേക്കുള്ള നിലപാട് ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല.
അതേസമയം മുഖ്യമന്ത്രിയെചോദ്യം ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ആദ്യവെടിപൊട്ടിച്ചുകഴിഞ്ഞു.അന്വേഷണവഴിയില്‍ എന്‍ഐഎ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം അതി ശക്തമാകുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കും എതിരഭിപ്രായമില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ പരുരോഗതി നെഞ്ചിടിപ്പോടെയാണ് സിപിഎം വീക്ഷിക്കുന്നത്.
ലാവ്ലിന് കേസില്‍ ഉള്‍പ്പെടെ പിണറായി വിജയനുനേരെ സിപിഎം വിഭാഗീയത തലപൊക്കിയതാണ്. ഇപ്പോള്‍ വിഭാഗീയത അത്രതീവ്രമല്ലെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞുവന്നാല്‍ മുഖ്യമന്ത്രിക്കെതിരേ പടയൊരുക്കം ശക്തമാകും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും.
ഈ സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം എവിടെ എത്തുമെന്ന ആശങ്ക കേന്ദ്ര നേതാക്കള്‍ തന്നെ പങ്കുവയ്ക്കുന്നത്.അതേസമയം ബിജെപി സംസ്ഥാന ഘടകം ആരോപണങ്ങള്‍ ശക്തമായി നിലനിര്‍ത്തികൊണ്ടുപോകാനുള്ള നീക്കത്തിലാണ്.
കോവിഡ് പശ്ചാത്തലത്തില്‍ സമരത്തില്‍നിന്ന് കോണ്‍ഗ്രസ് ഈമാസം അവസാനം വരെ പിന്‍വാങ്ങിയെങ്കിലും ബിജെപി ഇപ്പോഴും നിരാഹാരസമരമുള്‍പ്പെടെ നടത്തി മുന്നോട്ടുപോകുകയാണ്.