ഋഷി
ആലപ്പുഴയിലെ ആഡംബര സന്പന്നമായ ഹൗസ്ബോട്ടിലിരുന്ന സംവിധായകനോടു നിർമാതാവ് കൽപിക്കുകയാണ്, നമ്മുടെ പടം മലയാളത്തിലും തമിഴിലും ഹിന്ദിയിലും നൂറുകോടി ക്ലബിൽ കയറണം. അതിനുള്ള സെറ്റപ്പാണു വേണ്ടത്.
നൂറു കോടി കിട്ടണമെങ്കിൽ വൈഡ് റിലീസ് വേണം, തിയറ്ററുകാരുടെ സഹായം വേണം എന്നൊക്കെ സംവിധായകൻ പറഞ്ഞപ്പോൾ അതൊന്നും ഒരു വിഷയമേ അല്ലെന്നും പണം എത്രവേണമെങ്കിലും ഇറക്കാമെന്നും കാര്യങ്ങൾ പറഞ്ഞപോലെ നടക്കണമെന്നുമായിരുന്നു നിർമാതാവിന്റെ ആവശ്യം.
നൂറുകോടി ക്ലബിലേക്ക് ഇടം പിടിക്കാൻ വേണ്ട കാര്യങ്ങൾ സെറ്റപ്പുചെയ്യാൻ മോളിവുഡിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ അഭ്യൂഹം. ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുപോലെ ഹണ്ട്രഡ് ക്രോർ ക്ലബ് മാനേജ്മെന്റ് ടീം തന്നെ അണിയറയിലുണ്ടെന്നാണ് സിനിമാവൃത്തങ്ങൾ പറയുന്നത്.
ക്ലബിൽ കയറണോ?
വൈഡ് റിലീസ് മുതൽ തിയറ്ററുകളിലെ പ്രദർശനങ്ങൾ വരെ നിയന്ത്രിച്ച് ഇവർ നൂറുകോടി ക്ലബിൽ പടത്തെ കയറ്റിത്തരും. എന്നാൽ, അതിനുള്ള പല അഡ്ജസറ്റ്മെന്റുകളും ഉണ്ടെന്നാണ് അണിയറക്കഥ.
ചിത്രം ഓടിയില്ലെങ്കിൽ പോലും കോടി ക്ലബിൽ ഇടം നേടുന്ന പുതിയ തന്ത്രം കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിന്റെ പുതിയ മുഖമാണ്.
പല സിനിമകളും കാണാൻ ആളില്ലെങ്കിൽ പോലും ദിവസങ്ങളോളം ഓടുന്പോൾ എത്രയോ കള്ളപ്പണമാണ് വെളുത്തു മാറുന്നതെന്നോർക്കുക.
സിനിമാരംഗത്തെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണിത്. ആരും ഇതൊന്നും പരസ്യമായി അംഗീകരിച്ചു തരില്ല. ഇവിടം സ്വർഗമാണെന്നവർ ഒരിക്കലും പറയില്ല.
കഷ്ടപ്പാടിന്റെയും പ്രാരാബ്ധങ്ങളുടെയും കഥകൾ മാത്രമേ മോളിവുഡിൽനിന്ന് മിക്കപ്പോഴും കേൾക്കാറുള്ളു. പക്ഷേ, ചിത്രം വിചിത്രമാണ്, സംഗതി വേറെയാണ്. പ്രേക്ഷകർ കാര്യമായി പലതും അറിയുന്നില്ലെന്നു മാത്രം.
മാറുന്ന മോളിവുഡ്
ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഡി കന്പനിയുടെ വേരുകൾ രാഷ്ട്രീയത്തിലും റിയൽ എസ്റ്റേറ്റിലും തുടങ്ങി ബോളിവുഡിലും വേരുറപ്പിച്ചതോടെ കള്ളക്കടത്തുകാർക്കും അധോലോകത്തിനും ഏറ്റവും സുരക്ഷിതമായി ഇൻവെസ്റ്റ്മെന്റ് നടത്താൻ കഴിയുന്ന മേഖലയായി സിനിമ മാറി.
ബോളിവുഡിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഹവാല കള്ളപ്പണ ഇടപാടുകൾ മോളിവുഡെന്ന മലയാള സിനിമയിലേക്കു കൂടി കടന്നുവന്നിട്ട് കാലമേറെയായിട്ടില്ല.
കേരളമെന്ന ഇട്ടാവട്ടത്തു മാത്രം പ്രദർശിപ്പിച്ചിരുന്ന മലയാള സിനിമ ഇന്നു ലോകമെന്പാടുമുള്ള ബിഗ് സ്ക്രീനുകളിൽ എത്തുന്പോൾ മലയാള സിനിമയിലേക്ക്, മോളിവുഡിലേക്ക് പണമൊഴുക്കാൻ പല വന്പന്മാരും പെട്ടിതുറന്നു കാത്തിരിക്കുന്നു.
സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി ഫൈസൽ ഫാരിദ് നാലു മലയാള സിനിമകൾക്കു പണം മുടക്കിയെന്ന വിവരം അന്വേഷണസംഘം സ്ഥിരീകരിക്കുന്പോൾ മലയാള സിനിമാ മേഖല പുതിയ അവിശുദ്ധ ബന്ധങ്ങളിലേക്കു നീങ്ങിക്കഴിഞ്ഞുവെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.
ഏതാനും വർഷങ്ങൾക്കു മുന്പേ തന്നെ മലയാള സിനിമയിലേക്കു ഹവാല കള്ളപ്പണത്തിന്റെ ഒഴുക്ക് സജീവമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഞ്ചു വർഷം നിർമിച്ച മുഴുവൻ മലയാള സിനിമകളുടെയും വിശദമായ കണക്കെടുപ്പ് നടത്താൻ 2017-ൽ സാന്പത്തിക കുറ്റാന്വേഷണ ഏജൻസികൾ തീരുമാനിച്ചിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനുകൾ കർശന നിരീക്ഷണത്തിലാക്കാനും നിശ്ചയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നു ഹവാല റാക്കറ്റ് വഴി കോടികൾ മലയാള സിനിമയിലേക്ക് ഒഴുകിയെത്തിയെന്നാണ് അന്വേഷണ ഏജൻസികൾ അന്നു പറഞ്ഞിരുന്നത്.
കോളിളക്കം സൃഷ്ടിച്ച ഒരു കേസിൽ ഒരു പ്രമുഖ നടന്റെയും ബന്ധുക്കളുടെയും പേരിൽ അറുനൂറു കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന ആരോപണവും പുറത്തുവന്നിരുന്നു.
മൾട്ടിപ്ലക്സ്
കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ പോലും കൂണുപോലെ മുളച്ചുപൊങ്ങിയ എല്ലാ ആധുനിക സംവിധാന സജ്ജീകരണങ്ങളുമുള്ള ചില മൾട്ടിപ്ലെക്സ് തിയറ്റർ കോംപ്ലെക്സുകളെക്കുറിച്ചും അവയുടെ സാന്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം നടത്താൻ പദ്ധതികളുണ്ട്. പല ബിനാമി ഇടപാടുകളുടെയും നിക്ഷേപമാണ് ഇത്തരം സംരഭങ്ങളെന്നും പറയപ്പെടുന്നു.
സിനിമയിൽ മറ്റു പല മേഖലകളിലും ജോലി ചെയ്തവർ ഒരു സുപ്രഭാതത്തിൽ സിനിമ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന കാഴ്ചയ്ക്കു പിന്നലെ രഹസ്യമെന്താണ് എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്.
പണമേതായാലും
ബോളിവുഡിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ഡി കന്പനി ഇപ്പോൾ മോളിവുഡിൽ സജീവമാണെന്ന കഥയും പരക്കുന്നുണ്ട്. മുന്പ് ബോളിവുഡിൽ സജീവമായിരുന്ന ഡി കന്പനിയെ മുംബൈ സ്ഫോടനക്കേസും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഹിന്ദി സിനിമയിൽനിന്ന് അകറ്റുകയായിരുന്നു.
സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകവുമായി ബന്ധപ്പെടാൻ താരങ്ങളും മടി കാണിച്ചു. ഇതോടെയാണ് ഡി കന്പനി മറ്റു ഫിലിം ഇൻഡസ്ട്രികളിലേക്ക് തിരിഞ്ഞത്. അങ്ങനെ കൂടുതൽ സേഫ് ആയ മോളിവുഡിലും അവരുടെ ദൃഷ്ടി പതിഞ്ഞു.
ഫൈസൽ ഫരീദുമാർ കോടികൾ മുടക്കാൻ തയാറായി മലയാള സിനിമയിലേക്ക് ഇനിയും വരുമെന്നതിൽ സംശയം വേണ്ട. കാരണം സിനിമ ഒരു മായികലോകമാണ്. പണവും പ്രശസ്തിയും ഗ്ലാമറുമൊക്കെ ഒത്തു ചേരുന്ന ഭൂമിയിലെ സ്വർഗഭൂമി.
പണമേതായാലും പടം നന്നായാൽ മതിയെന്ന് ആശംസിക്കാം….
കോവിഡും ലോക്ഡൗണും കഴിഞ്ഞു വീണ്ടും മലയാളം സിനിമ സജീവമാകുന്പോൾ പണം മുടക്കാൻ തയാറാവുന്ന അപൂർവം ചിലരിൽ ഇക്കൂട്ടർ മുന്നിലുണ്ടാകുമെന്നു നിശ്ചയമായും കരുതാം… കാരണം അവരുടെ കൈയിലേ പണമുള്ളൂ… കറുത്തനിറമുള്ള പണം…. അതിനൊഴുകാൻ വെള്ളിത്തിരകൾ വേണം…
(അവസാനിച്ചു)