ഋഷി
യാഥാർഥ്യപ്രകാരമുള്ള മുന്നറിയിപ്പ്
ഈ എഴുത്തും ഇതിലെ കഥാപാത്രങ്ങളും വെറും സാങ്കൽപികം മാത്രമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായി ഇതിനെന്തെങ്കിലും സാമ്യം തോന്നിയാൽ അതു യാദൃശ്ചികം മാത്രമെന്നു ഞങ്ങൾ അവകാശപ്പെടുന്നില്ല.
രംഗം ഒന്ന്
ഒരു പ്രമുഖ യുവനടന്റെ അടുത്തു കഥ പറയാൻ പ്രൊഡ്യൂസറെയും കൂട്ടി പോയതാണ് ഒരു പുതിയ സംവിധായകൻ. കഥ കേട്ടപ്പോൾ യുവനടനു സംഗതി പിടിച്ചു. പടം സാന്പത്തികമായി വിജയിക്കുമെന്ന് ഇൻഡസ്ട്രിയെ നന്നായി അറിയുന്ന യുവനടനു മനസിലായി.
കഥ പറഞ്ഞ സംവിധായകനോടു നമുക്കിതു ചെയ്യാമെന്നു കൈയിലടിച്ചു നടന്റെ ഉറപ്പ്. സന്തോഷത്തോടെ സംവിധായകനും നിർമാതാവും മടങ്ങി. കാറിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിടും മുൻപ് സംവിധായകന്റെ മൊബൈലിലേക്ക് ആ യുവനടന്റെ ഫോണ്കോൾ വന്നു. തിരിച്ചൊന്നും പറയണ്ട, അങ്ങോട്ടു പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക എന്ന ആമുഖത്തോടെ…
പടം നമ്മൾ ചെയ്യുന്നു പക്ഷേ പ്രൊഡ്യൂസർ മാറണം, നിങ്ങൾ കൊണ്ടുവന്ന ആൾ വേണ്ട, അതിലും നല്ലൊരു ആൾ എന്റെ കൈയിലുണ്ട്, നിങ്ങൾ ഓക്കെയാണെങ്കിൽ ഷൂട്ട് എത്രയും വേഗം തുടങ്ങാം, ബജറ്റൊരു പ്രശ്നമേയല്ല – എന്നായിരുന്നു യുവനടന്റെ ഇടിവെട്ട് ഡയലോഗ്. കാറോടിച്ചുകൊണ്ടിരിക്കുന്ന പ്രൊഡ്യൂസറെ ഇടങ്കണ്ണിട്ട് നോക്കി സംവിധായകൻ ഫോണിലൂടെ യുവനടനോട് ഓക്കെ പറഞ്ഞു ഫോണ് കട്ട് ചെയ്തു.
പിന്നെ സംവിധായകനു പിടിപ്പതു പണിയായിരുന്നു, ഈ പ്രൊഡ്യൂസറെ ഒന്നൊഴിവാക്കാൻ. പലതും പറഞ്ഞു സംവിധായകൻ ഭംഗിയായി ആ പ്രൊഡ്യൂസറെ കട്ട് ചെയ്തു.
സംവിധായകൻ കൊണ്ടുപോയ പ്രൊഡ്യൂസർ വളരെ പെട്ടെന്നു രംഗത്തുനിന്ന് അപ്രത്യക്ഷനാവുകയും പുതിയ പ്രൊഡ്യൂസർ വന്നു സംവിധായകനെ കണ്ട് സിനിമയുടെ കാര്യങ്ങൾ മുന്നോട്ടു നീക്കുകയും ചെയ്തു.
സിനിമ തിയറ്ററിലെത്തി ഹിറ്റായി. പ്രൊഡ്യൂസർക്കു വന്പൻലാഭം. ലാഭമൊഴുകിയതു പ്രൊഡ്യൂസറുടെ പോക്കറ്റിലേക്കും ഒപ്പം ആ പ്രൊഡ്യൂസറെ നിശ്ചയിച്ച യുവനടനിലേക്കും!
താരങ്ങളുടെ താരം!
കഥയിലും തിരക്കഥയിലും മാത്രമല്ല പ്രൊഡ്യൂസറുടെ കാര്യത്തിൽ വരെ ചില താരങ്ങൾ ഇടപെടുന്നുവെന്നതു ശരിവയ്ക്കുന്ന പല സംഭവങ്ങളിൽ ഒന്നു മാത്രമാണിത്.
തങ്ങൾക്കിഷ്ടപ്പെട്ട, തങ്ങളുടെ ബെനാമിയായ, പ്രൊഡ്യൂസർമാരെ നിലനിർത്തുന്ന താരങ്ങൾ മോളിവുഡിലും ഉണ്ടെന്നാണ് മലയാള സിനിമയിലെ അണിയറ രഹസ്യം. കഥ ഇഷ്ടപ്പെട്ടാൽ, സിനിമ ഹിറ്റാകുമെന്നു കഥാചർച്ചയിൽ തന്നെ ബോധ്യപ്പെട്ടാൽ ഹിറ്റാകാൻ സാധ്യതയുള്ള ആ ചിത്രത്തിന്റെ വരുമാനം മറ്റേതെങ്കിലും
നിർമാതാവിന്റെ പോക്കറ്റിലേക്കു പോകുന്നതിനേക്കാൾ നല്ലതല്ലേ സ്വന്തം പോക്കറ്റിലേക്കു തന്നെ വരുന്നതെന്നു ചിന്തിക്കുന്ന ചില താരങ്ങളാണ് പ്രൊഡ്യൂസറെ മുന്നിൽ നിർത്തി സംവിധായകരെ തങ്ങളുടെ വലയിൽ വീഴ്ത്തിക്കുന്നത്. താരക്കളികൾ ചില്ലറയല്ല. അതിനെക്കുറിച്ചു നാളെ…