ഋഷി
പ്രൊഡ്യൂസറെ കിട്ടിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയുമായി കയ്യിൽ നല്ല കഥകളും വച്ച് കാത്തിരിക്കുന്ന എത്രയോ ന്യൂ ജെൻ – ഓൾഡ് ജെൻ സിനിമക്കാർ ഇവിടെയുണ്ട്. മലയാള സിനിമയിൽ പ്രൊഡ്യൂസർമാർക്ക് ഇത്രയും ക്ഷാമമോ എന്നു പരിശോധിച്ചാൽ അതിലൊരു പൊരുത്തക്കേട് കാണാം.
പ്രൊഡ്യൂസറെ കിട്ടാനില്ലെന്നു പലരും പരിതപിക്കുന്പോൾത്തന്നെ പണം മുടക്കാൻ തയാറായി നിരവധി പുത്തൻപണക്കാരടക്കം ഇൻഡ്സ്ട്രിയുടെ പടിവാതിൽക്കൽ കാത്തുകിടപ്പുണ്ട്.
പ്രൊഡ്യൂസറാണ് താരം
മലയാളത്തിലെ സൂപ്പർഹിറ്റായ ഒരു സിനിമയുടെ ലൊക്കേഷൻ. പ്രൊഡ്യൂസർ സെറ്റിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഇടം വലം നിൽക്കുന്ന രണ്ടു ശിങ്കിടികൾ സെറ്റിലുണ്ട്. കണ്ണിലെണ്ണയൊഴിച്ച് അവർ എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നു.
ഷൂട്ടു തുടങ്ങാൻ വൈകിയപ്പോൾ ശിങ്കിടികളിലൊരാൾ നിർമാതാവിനെ ഫോണിൽ വിളിച്ച് ഇവിടെ എല്ലാം പതുക്കെയാണ് മുന്നോട്ടു നീങ്ങുന്നതെന്നു വിവരം നൽകി. അടുത്ത നിമിഷം സംവിധായകനെ തേടി നിർമാതാവിന്റെ ഫോണ് കോളെത്തി.
സംവിധായകൻ പിന്നെ കേട്ടത് സദ്ഗുണസന്പന്നനായ നിർമാതാവിന്റെ സംസ്കൃത പ്രയോഗമാണ്. നിനക്കു പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോടാ…ഞാൻ വേറെ ആളെ വച്ചു പടം തീർക്കും…ന്താ കാണണോ എന്ന ഭീഷണിവരെ എത്തി കാര്യങ്ങൾ.
ഇത്തരം സംഭവങ്ങളിൽ പ്രൊഡ്യൂസർ ഫീൽഡിലെ സകല കളികളും നന്നായി അറിയുന്ന ആളായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അഞ്ചും പത്തും കോടി ചിലവു വന്നുവെന്ന് ആ പ്രൊഡ്യൂസർ പറയുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ….അതിന്റെ പകുതി മാത്രമേ സത്യത്തിൽ ചെലവു വന്നിട്ടുണ്ടാകുള്ളു.
അതാണ് മിടുക്കനും സൂത്രശാലിയുമായ ചാണക്യബുദ്ധിയുള്ള ഒരു നിർമാതാവിന്റെ കഴിവ്. വൻതുക മുടക്കി ചിത്രം നിർമിച്ചുവെന്നു സ്ഥാപിച്ചെടുക്കുന്പോൾ കണക്കിൽ വൈറ്റായി മാറുന്നത് അത്രയും തുക. മലയാള സിനിമയിലെ എല്ലാ പ്രൊഡ്യൂസർമാരും ഇത്തരക്കരാണെന്നല്ല. ഇത്തരത്തിലുള്ള പ്രൊഡ്യൂസർമാരും ഇവിടെയുണ്ടെന്നത് സത്യം മാത്രം.
പണം വെളുപ്പിക്കാൻ വെള്ളിത്തിര കറുത്ത പണം വെളുപ്പിക്കാൻ വെള്ളിത്തിരയോളം പറ്റിയ ഇടം വേറെയില്ല. ചിലവേറെയുള്ള സിനിമ നിർമാണത്തിലേക്കു വന്നാൽ ഏതു കറുത്ത പണത്തേയും വെളുപ്പിച്ചു സുന്ദരമാക്കാം. അതു നന്നായി അറിയാവുന്നവരാണ് ഹവാല പണവുമായി സിനിമാ ലോകത്തേക്ക് എത്തുന്നത്.
പ്രൊഡ്യൂസർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ നിർമാതാവിനു ചിത്രവുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നാണ് ചട്ടം. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ എല്ലാ പെയ്മെന്റുകളും ചെക്കു വഴി മാത്രമേ പാടുള്ളു. ഇവിടെയാണ് കളികളുടെ ട്വിസ്റ്റ്.
ഈ കഥ കേൾക്കൂ
സിനിമയുടെ സംഗീതസംവിധായകൻ പ്രതിഫലമായി ചോദിച്ചതു ലക്ഷങ്ങൾ. അതു ചെക്കായി കൊടുത്താൽ പതിനെട്ടു ശതമാനം ജിഎസ്ടി കൂടി ചേർത്താൽ നല്ലൊരു തുക വരും. നിർമാതാവ് ചിന്തിച്ചപ്പോൾ ചെക്കായി കൊടുക്കുന്നതിനേക്കാൾ നല്ലത് ക്യാഷായി കൊടുക്കുന്നതാണ്. ജിഎസ്ടി വേണ്ടല്ലോ.
സംഗീത സംവിധായകനോടു പ്രതിഫലം പണമായിട്ടു മതിയോ എന്നു ചോദിച്ചപ്പോൾ ആൾക്കും സന്തോഷം. അങ്ങിനെ കണക്കിൽ പെടാതെ ആ കണക്കങ്ങോട്ടു തീർന്നു. പിന്നെ പേരിനൊരു ചെക്കും മറ്റുമായി അസോസിയേഷൻ വകയും കണക്ക് ക്ലിയറാക്കി. മാറിക്കിട്ടുന്ന പണം ചില്ലറയല്ലെന്നോർക്കുക.
സിനിമയിൽ താരങ്ങൾക്കായാലും മറ്റു ടെക്നീഷൻമാർക്കായാലും ചെക്കു കൊടുക്കുന്പോൾ ജിഎസ്ടി കൂടി ചേർത്താണു തുക നൽകേണ്ടത്. ലക്ഷങ്ങളുടെ ചെക്കു കൊടുക്കേണ്ടി വരുന്പോൾ വൻതുക ജിഎസ്ടിയായി നൽകേണ്ടി വരും. അതൊഴിവാക്കാൻ ചെക്കൊഴിവാക്കി ജിഎസ്ടി വെട്ടിച്ച് നേരിട്ടു പണം നൽകുന്ന ഇടപാടുകൾ നടക്കും.
പുത്തൻപണക്കാർ ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും പോയി പണം സന്പാദിച്ചു കഴിഞ്ഞാൽ മനസിൽ മുളപൊട്ടുന്ന ആദ്യമോഹം ഒരു സിനിമ നിർമിക്കലാണ്.
ഉള്ളതെല്ലാം സ്വരുക്കൂട്ടി നിർമാതാവിന്റെ വേഷമണിയും. ഉദ്ദേശിച്ച ബജറ്റിലൊന്നും സിനിമ നിൽക്കില്ല. തുടക്കത്തിൽ വാരി വിതറുന്നതു പതിയെപ്പതിയെ കുറയും. പടം പാതിവഴിയിലാകും. അപ്പോൾ സഹായഹസ്തങ്ങളുമായി എത്തുന്ന കള്ളപ്പണക്കാർ ഏറെയാണ്.
ഇത്തരത്തിൽ സഹായിക്കാൻ തയാറായി എത്രയോ പേർ ക്യൂ നിൽപ്പുണ്ട്. ചിത്രം നിർമിക്കാൻ ആർത്തിപൂണ്ടു നിൽക്കുന്നവർ അതിലുമേറെ.കോടികൾ മുടക്കിയെടുക്കുന്ന പടം എട്ടു നിലയിൽ പൊട്ടിയാലും ചിരിക്കുന്ന നിർമാതാക്കൾ ഇവിടെയുണ്ട്.
അവരെക്കുറിച്ചു നാളെ…