കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ക്ലിഫ് ഹൗസിലേക്ക് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നെഞ്ചിടിപ്പ്.
അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങളെല്ലാം ഐബി ഉള്‍പ്പെടെ കേന്ദ്രത്തിന്റെ തന്നെ മറ്റ് ഏജന്‍സികള്‍ വീക്ഷിക്കുന്നുണ്ട്. ഏതെല്ലാം ഉദ്യോഗസ്ഥരില്‍നിന്നാണ് വിവരങ്ങള്‍ പുറത്താവുന്നതെന്നുള്പ്പെടെയുള്ള കാര്യങ്ങളാണ് വിവിധ ഏജന്‍സികള്‍ ശേഖരിക്കുന്നത്.
ഇതിനു പുറമേ അന്വേഷണ സംഘാംഗങ്ങളുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ചു ബിജെപിയും സ്വകാര്യ അന്വേഷണം തുടങ്ങി.
ആശങ്ക, ആശയക്കുഴപ്പം
ലൈഫ് ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിക്കാനിരിക്കെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് മുതല്‍ വിവരങ്ങള്‍ ചോരുന്നുണ്ടോയെന്ന ആശങ്ക ഉടലെടുത്തിരുന്നു.
ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. സിബിഐ അന്വേഷിക്കുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ ഏജന്‍സികള്‍ക്കിടയില്‍ നടന്ന ചര്‍ച്ച പുറത്തറിഞ്ഞത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വവും നോക്കിക്കാണുന്നത്. ഇതോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ തുടങ്ങി.
ഫോൺ ചോരുന്നുണ്ടോ?
ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആശങ്കയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസന്വേഷിക്കുന്ന ഏജന്‍സികള്‍ക്കു മേലുദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശമാണു നല്‍കിയത്.
മാധ്യമങ്ങളുമായി സംസാരിക്കുന്നതിനുള്പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അന്വേഷണ വിവരങ്ങള്‍ പുറത്തുപോവരുതെന്നും കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊഴികള്‍ രഹസ്യമായിരിക്കണമെന്നും യാതൊരു കാരണവശാലും പുറത്താവരുതെന്നുമാണ് അന്വേഷണസംഘാംഗങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ്.
നിർണായക ദിനങ്ങൾ
സ്വപ്നയുടെ നിരവധി പേജുള്ള മൊഴിയില്‍നിന്നു മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്.
ഇതില്‍ ബിജെപി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ക്ലിഫ് ഹൗസിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
യുഎഇ കോണ്‍സല്‍ ജനറല്‍ 2017ല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
ഇനിയുള്ള അന്വേഷണം വരും ദിവസങ്ങളിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വരെ വേദിയാവുമെന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കാന്‍ തീരുമാനിച്ചത്.