കോട്ടയം: വ്യാജ സ്വർണ നാണയങ്ങൾ നല്കി തട്ടിപ്പു നടത്തിയ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടി. ഇന്നു വൈകുന്നേരത്തോടെ പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടേക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നു ഈസ്റ്റ് എസ്ഐ പറഞ്ഞു. നിധി സമാനമായ രീതിയിൽ മണ്ണിൽ നിന്നും കുഴിച്ചെടുത്തതാണ് സ്വർണ നായണങ്ങൾ എന്നുപറഞ്ഞു നിരവധി പേരെ കബളിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പു നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് പറയുന്നതിങ്ങനെ: നാളുകൾക്കു മുന്പു ഇവർക്കു മണ്ണിൽ നിന്നും രണ്ടു സ്വർണനായണങ്ങൾ ലഭിച്ചിരുന്നു.
തുടർന്നു ഇവർ നടത്തിയ പരിശോധനയിൽ ഇതു സ്വർണ നാണയങ്ങൾ തന്നെയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. പീന്നിടു ഇവർ വ്യാജ സ്വർണ നാണയങ്ങൾ വാങ്ങി നിരവധി പേർക്കു നല്കിയാണു തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ ഇരയായ വ്യക്തി നല്കിയ പരാതിയിലാണു ഇവരെ പിടികൂടിയിരിക്കുന്നത്.
സ്വർണ നായണങ്ങൾ വാങ്ങാൻ എന്ന വ്യാജേന വിളിച്ചു വരുത്തിയാണു ഇവരെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്നും സ്വർണനാണയങ്ങൾ എവിടെ നിന്നുമാണു ലഭിച്ചത് തുടങ്ങിയ കാര്യങ്ങളുമാണു പോലീസ് അന്വേഷിക്കുന്നത്.