തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ കൂടി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതി പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനി സി.പി ഫൗസിയ (46), മൂന്നാം പ്രതി അറത്തിപറമ്പ സ്വദേശിനി ടി. റസിയ (42), പത്താം പ്രതി മാട്ടൂൽ സ്വദേശിനി ഇ.കെ.പി. താഹിറ, എന്നിവരാണ് ഇന്ന് പിടിയിലായത്. എട്ടാം പ്രതി ചെറുകുന്ന് സ്വദേശി പി.നദീറിനെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ ജാഫര്‍ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി.റസിയ, സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, എ.ജി.സമീറ, തലയില്ലത്ത് അഹമ്മദ്, പി.നദീര്‍, വി.പി.കുഞ്ഞാമിന, താഹിറ അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് രണ്ട് കിലോ 73.9 ഗ്രാം വ്യാജ സ്വര്‍ണത്തിന്റെ ലോക്കറ്റ് പണയം വച്ച് 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചെന്നാണ് കേസ്.
പണയം വക്കുന്ന സമയം അപ്രൈസര്‍ പരിശോധനയില്‍ ആഭരണങ്ങളില്‍ ഒരോന്നിന്റെയും പുറത്ത് നാല് ഗ്രാമോളം സ്വര്‍ണം പൂശിയതിനാല്‍ വ്യാജമാണോ എന്ന് കണ്ടെത്താനായില്ല.
പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാത്തതിനാല്‍ ലേലം ചെയ്യാന്‍ മുറിച്ച് പരിശോധിക്കുമ്പോഴാണ് ഉള്ളില്‍ ഈയമാണെന്ന് കണ്ടെത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനേജറുടെ പരാതിയില്‍ 2022 നവംബറിലാണ് തളിപ്പറമ്പ് പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങിയത്.
ഒന്നാം പ്രതി ജാഫര്‍, മുബീന അസീസ്, ഹവാസ് ഹമീദ്, നദീർ എന്നിവരെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.