മുംബൈ: സ്വർണം ഇനിയും ഉയരും. ഡിസംബർ അവസാനത്തോടെ സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാമിനു വില 42,000 രൂപ കടക്കുമെന്നു പ്രവചനം. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1650 ഡോളർ ആകുമത്രെ.
രണ്ടു മാസംകൊണ്ടു വില പത്തു ശതമാനം കൂടുമെന്നാണ് കോം ട്രെൻഡ്സ് റിസർച്ചിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജ്ഞാനശേഖർ ത്യാഗരാജൻ പറയുന്നത്. ഇപ്പോൾ എംസിഎക്സിൽ 10 ഗ്രാമിന് 38300 രൂപയാണു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1504 ഡോളറും.
ആഗോളസംഘർഷഭീതിയും വാണിജ്യപോരുകളും ഒക്കെച്ചേർന്നാണു സ്വർണവില കൂട്ടുന്നത്. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും വിലകൂട്ടുന്ന ഘടകമാണ്.ഈ വർഷം ഇതിനകം സ്വർണവില 15 ശതമാനം വർധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണു പത്തു ശതമാനം വർധനകൂടി പ്രവചിക്കുന്നത്.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ ആണു സ്വർണവിലയെ വലുതായി സ്വാധീനിക്കുന്നത്. സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണശാലകളിലുണ്ടായ ഡ്രോൺ ആക്രമണം വിപണിയെ സംഭ്രമിപ്പിച്ചിരുന്നു.
ഇനിയും എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാൽ സംഘർഷം വ്യാപകമാകുമെന്നാണു ഭീതി. അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനെതിരേ തുടങ്ങിവച്ചിരിക്കുന്ന ഇംപീച്ച്മെന്റ് നടപടിയെയും കന്പോളം ഗൗരവമായാണു കാണുന്നത്.