ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരില്‍നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നു സൂചന. സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി തലവന്മാരുടെ യോഗം ചേര്‍ന്നു.
അടുത്ത ഘട്ടം രാഷ്ട്രീയ ഉന്നതരെ ലക്ഷ്യമിടുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തന്നെയാണു ഞെട്ടിക്കുന്നത്. ഉന്നതബന്ധങ്ങളെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതല്‍ അറസ്റ്റുകളിലേക്കു പോകുന്നതിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായെന്നാണു സൂചന.
ശിവശങ്കർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. അടുത്ത അറസ്റ്റിലേക്കു പോകുമെന്നു കരുതുന്നതു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ്.
അദേഹത്തിന് ഇഡിയാണു നോട്ടീസ് നല്‍കിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമാകും മറ്റു ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക.
കസ്റ്റംസിനു പിന്നാലെ സ്വപ്ന സുരേഷിനെയും സരത്തിനെയും ചോദ്യംചെയ്യാന്‍ ഇഡി മുന്‍കൈയെടുക്കുന്നതും ഉന്നതരെ ലക്ഷ്യംവച്ചാണ്. കസ്റ്റംസിനോടു ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇഡിക്കു കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമുള്ളതാകും.
രവീന്ദ്രനെ പിടിക്കുമ്പോള്‍ തന്നെ അടുത്ത ആളുകളെ സ്വപ്നയിലൂടെ കണ്ടെത്താന്‍ എളുപ്പമാണ്. ഇതുകൂടാതെ കുറ്റപത്രം ഉള്‍പ്പെടെ തയാറാക്കുന്നതിനുള്ള തീരുമാനവും എടുത്തതായി അറിയുന്നു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയമായില്ലെങ്കിലും ഒന്നിനും വീഴ്ച വരുത്താതെ മുന്നോട്ടു പോകാനുള്ള നീക്കമാണു നടക്കുന്നത്. ഡല്‍ഹിയില്‍നിന്നും കൃത്യമായ നിര്‍ദേശവും ഇഡിക്കു ലഭിക്കുന്നുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുവാദം തേടിയതും പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമാണ്.
ഒരു വിവരവും പുറത്തു പോയി പ്രതികളായ ഉന്നതര്‍ രക്ഷപ്പെടരുതെന്ന നിഗമനത്തിലാണ് ഇഡി. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസം അനുവദിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന മന്ത്രിസഭയിലെ പ്രബലരായ നാല് മന്ത്രിമാര്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നു പ്രതികളുടെ മൊഴികളിലൂടെ പുറത്തുവന്നിരുന്നു. കേസില്‍ മന്ത്രിമാരെ തൊട്ടാല്‍ രാഷ്ട്രീയമായി പ്രതിരോധം സിപിഎം ശക്തമാക്കും.
അത് രാഷ്ട്രീയ പ്രകമ്പനങ്ങള്‍ക്ക് തന്നെ വഴിവെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ദേശീയ അന്വേഷണ ഏജൻസിയുടെ ഇനിയുള്ള നീക്കങ്ങൾ കരുതലോടെയായിരിക്കും.