ചങ്ങരംകുളം: കൂളിരണ്ട വിഭാഗത്തിൽപ്പെട്ട ഇരണ്ടയെ കണ്ടെത്തി. ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് കണ്ടെത്തിയത്. താറാവിന്റെ രൂപ സാദൃശ്യമുള്ള ഇവ ഇരണ്ട വിഭാഗത്തിൽ പെട്ടതാണന്നും ഗോൾഡ് ഇരണ്ടയാണന്നും നാട്ടുകാർ പറഞ്ഞു. താറാവിനെ അപേക്ഷിച്ച് ദീർഘ ദൂരം പറക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞതോടെ കൂടുതൽ പേരാണ് ഈ പക്ഷികളെ കാണാനെത്തുന്നത്.
ഒരാഴ്ചയിലേറയായി ചങ്ങരംകുളം തൃശ്ശൂർ റോഡിൽ ഗ്യാസ് പന്പിന് മുൻ വശത്തെ പാടത്താണ് ഇവ എത്തുന്നത്. കാലത്ത് എട്ട് മുതൽ പത്ത് മണി വരെയുള്ള സമയത്താണ് ഇവ കാണാറുള്ളത്. പൊന്നാനി കോൾ മേഖലയിൽ സമാനരീതിയിലുള്ള വെള്ളിരണ്ടയും എത്താറുണ്ടെന്ന് നാട്ടുകാരിൽ ചിലർ അനുഭവം പങ്കുവച്ചു.
പ്രധാനമായും കേരളത്തിന് പുറത്തും ബർമ, മലേഷ്യ, ഇൻഡോ ചൈന സ്ഥലങ്ങളിലുമാണ് ഈ വിഭാഗത്തിൽപ്പെട്ടവയെ കാണാറുള്ളത്. മണ്ണിര, തവള, മത്സ്യം എന്നിവയാണ് ഇവയുടെ തീറ്റ.സാധാരണയായി കൂളിരണ്ടയും കാക്ക ഇരണ്ടയും കണ്ട് മടുത്ത നാട്ടുകാർക്ക് ഇവപുത്തൻ കാഴ്ചയാവുകയാണ്.