അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ മുന്നോട്ടു വച്ച മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആൻഡ് ഫിഷ് ടാങ്ക് ആനിമൽസ് ഷോപ്പ്) നിയമം 2017 പിൻവലിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച 395-ാം ഗസറ്റാണ് പിൻവലിച്ചതെന്ന് തമിഴ്നാട് കോലത്തൂർ ഫിഷ് ഫാർമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് (കോഫ്കോസ്) എൻ.യു.എസ്. വീരമൈന്ദൻ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അലങ്കാരമത്സ്യമേഖലയിൽ പ്രതിസന്ധിയുയർത്തി മുന്നോട്ടുവച്ച നിർദേശത്തെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ഉത്തരവ് പ്രാബല്യത്തിലായാൽ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അലങ്കാരമത്സ്യ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.
ഇന്ത്യൻ കൗണ്സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ), വിവിധ സംസ്ഥാനങ്ങളിലെ കർഷകർ, കർഷക സംഘടനകൾ എന്നിവരുടെ ശക്തമായ ഇടപെടലുകളാണ് നിയന്ത്രണം പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫ്കോസിൽ പതിനായിരക്കണക്കിന് കർഷകർ അംഗങ്ങളാണ്. ഇവരുടെയൊക്കെ ഉപജീവനമാർഗം ഇല്ലാതാവുന്നതു മുന്നിൽക്കണ്ടാണ് നിയന്ത്രണത്തിനെതിരേ കോഫ്കോസ് രംഗത്തിറങ്ങിയത്. രാജ്യത്തെ പ്രധാന അലങ്കാര-വളർത്തുമത്സ്യ ഹബ്ബുകളാണ് ചെന്നൈയും കോൽക്കത്തയും.
ഭീതി വിപണിയെ ബാധിച്ചു
അലങ്കാരമത്സ്യമേഖലയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നെന്ന വാർത്ത പ്രചരിച്ചതോടെ കേരളത്തിലെ അലങ്കാരമത്സ്യമേഖലയുടെ പ്രവർത്തനങ്ങൾ താറുമാറായിരുന്നു. വില്പനയിൽ ഗണ്യമായ കുറവുണ്ടായതായി കർഷകരും വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. പല കർഷകരുടെയും വിതരണത്തിനു തയാറായ മത്സ്യക്കുഞ്ഞുങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മത്സ്യങ്ങളെ വളർത്താൻ കഴിയില്ലെന്നു തെറ്റിദ്ധരിപ്പിക്കുംവിധമുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ ഉടലെടുത്ത ഭീതിയാണ് വില്പന ഇടിയാൻ കാരണമായതെന്നു കർഷകർ പറയുന്നു. നിരോധനം നീക്കിയ ഉത്തരവ് വരുന്നതോടെ അലങ്കാരമത്സ്യവിപണി പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് കർഷകരും വ്യാപാരികളും.
-ഐബിൻ കാണ്ടാവനം-