തിരുവനന്തപുരം: സ്വർണത്തിൽ നിന്നുള്ള ജിഎസ്ടി വരുമാനം കുറഞ്ഞെന്നും നികുതി തിരിച്ചു പിടിക്കാൻ കടപരിശോധ നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക്.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി വരുമാനത്തിൽ ഞെട്ടിപ്പിക്കുന്ന കുറവാണ് ചില മേഖലകളിൽ ഉണ്ടായിരിക്കുന്നത്. വാറ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് 630 കോടി രൂപയാണ് സ്വർണത്തിൽനിന്നുള്ള നികുതിയായി ലഭിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ അത് 272 കോടി രൂപയായി കുറഞ്ഞു. സ്വർണത്തിന് ഇങ്ങനെ നികുതി കുറയേണ്ട കാര്യമില്ല. സ്വർണത്തിന് പുറമെ ടൈലിൽ നിന്നുള്ള നികുതി 337 ൽ നിന്നു 157 കോടി രൂപയായി കുറഞ്ഞു. 160 കോടിയുണ്ടായിരുന്ന മാർബിളിൽനിന്നുള്ള നികുതി 95 കോടി രൂപയായും പുകയില ഉത്പന്നങ്ങളിൽനിന്നുള്ള നികുതി 879 കോടിയിൽ നിന്നും 312 കോടി രൂപയായും കുറഞ്ഞു.
ഇതിന്റെ കാരണം അനധികൃതമായ ഇൻപുട്ട് ക്രെഡിറ്റാണോ വിൽപ്പന കുറച്ചു കാണിക്കുന്നതാണോ എന്ന് അറിയണമെങ്കിൽ വാർഷിക റിട്ടേണ്‍ കിട്ടണം. അത് അടുത്ത മാസം കിട്ടാൻ പോകുന്നതേയുള്ളൂ. അതുവരെ നികുതി ചോർച്ച കണ്ടുപിടിച്ചു പരിഹരിക്കാൻ കഴിയില്ല.
വാർഷിക റിട്ടേണ്‍ വന്നാൽ അതു പരിശോധിച്ച് അനർഹമായി ഇൻപുട്ട് ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കിൽ അതു തിരിച്ചു പിടിക്കും. ഇതിനായി എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തും. ഇനി കാത്തുനിൽക്കില്ല. കൃത്യമായ പരിശോധനകളിലേക്കു നീങ്ങും. സ്വർണത്തിൽനിന്നുള്ള നികുതി കുറഞ്ഞത് കണ്ടുപിടിക്കാൻ ചില നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് കടകളും സ്റ്റോക്കും പരിശോധിക്കാൻ കഴിയും. പരിശോധനയ്ക്ക് നേതൃത്വം നൽകാൻ ഐആർഎസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചോർന്നു പോയ നികുതിയിൽ നല്ലൊരു ശതമാനവും തിരിച്ചു പിടിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ 80 ശതമാനവും ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഈ 80 ശതമാനം ഉൽപന്നങ്ങളും 80 വഴികളിലൂടെയാണ് സംസ്ഥാനത്തെത്തുന്നത്. ഇ-വേ ബിൽ സംവിധാനം ഇനിയും കാര്യക്ഷമമായിട്ടില്ല. പുറത്തുനിന്ന് സാധനങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനുമായി എല്ലാ വഴികളിലും കാമറകൾ സ്ഥാപിക്കും. ഇതിനായി ഉടൻ ടെൻഡർ വിളിക്കും.
ജിഎസ്ടി വന്നപ്പോൾ നികുതി വരുമാനം വളരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അത് ഇതുവരെ യാഥാർഥ്യമായിട്ടില്ല. ജിഎസ്ടി സംവിധാനം പൂർണമായി നിലവിൽ വന്നിട്ടില്ല. അതിനാൽ തന്നെ സംസ്ഥാനങ്ങൾക്ക് ഇടപെടുന്നതിനും പരിമിതിയുണ്ട്. ഗൾഫ് വരുമാനം കുറഞ്ഞതോടെ സാമ്പത്തിക രംഗത്ത് മുരടിപ്പ് പ്രകടമാണ്. ഇന്ധന നികുതിയിൽനിന്നുള്ള വരുമാനത്തിലും പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല.
പ്രളയ സെസ് ഏർപ്പെടുത്തുന്നത് വിലക്കയറ്റിനു കാരണമാകില്ല. ജിഎസ്ടി ഏർപ്പെടുത്തിയപ്പോൾ ഏതാണ്ടെല്ലാ ഉത്പന്നങ്ങളുടെയും നികുതി കുറഞ്ഞു. ഇത്രയും നികുതി കുറഞ്ഞപ്പോൾ ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തുന്നത് അധികഭാരമോ വിലക്കയറ്റത്തിന് കാരണമോ ആകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.