കൊണ്ടോട്ടി: കരിപ്പൂര്‍വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇതോടെ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കരിപ്പൂരില്‍ പിടികൂടിയത് 1.10 കോടിയുടെ സ്വര്‍ണമാണ്.
ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. ഇന്നലെ രാത്രി പത്തിനാണ് റഷീദ് കരിപ്പൂരിലെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ മിശ്രിതമുണ്ടായിരുന്നത്.
നാലു സ്വര്‍ണ ഗുളികകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. കരിപ്പൂരില്‍ 60 ലക്ഷത്തിന്റെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി അസ്കര്‍ ഇന്നലെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായിരുന്നു.
ദുബൈയില്‍ നിന്ന് ഫ്ളൈ ദുബൈ വിമാനത്തില്‍ കരിപ്പൂരിലെത്തിയ അസ്കർ ശരീരത്തിൽ ഒളിപ്പിച്ച ആറ് സ്വര്‍ണ ഗുളികകളാണ് കണ്ടെടുത്തത്.1,144 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഗുളികകളിലായി ഒളിപ്പിച്ചിരുന്നത്.
രണ്ട് സംഭവങ്ങള്‍ക്കും സമാനതകള്‍ ഏറെയുള്ളതിനാല്‍ ഒരേ സംഘത്തിന്റെ കള്ളക്കടത്താണെന്ന് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുളള അന്വേഷണം നടന്നുവരികയാണ്.
കസ്റ്റംസ് അസി.കമ്മീഷണര്‍ എ.കെ. സുരേന്ദ്രനാഥിന്റെ നിര്‍ദേശത്തിൽ സൂപ്രണ്ടുമാരായ കെ.കെ.പ്രവീണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍, ഇ.സന്തോഷ് ജോണ്‍,ഹെഡ് ഹവീല്‍ദാര്‍ സന്തോഷ് കുമാര്‍, ഇ.വി മോഹനന് തുടങ്ങിയവരാണ് കള്ളക്കടത്ത് പിടികൂടിയത്.