മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണം പിടികൂടി. കോഴിക്കോട് മേപ്പയൂർ സ്വദേശി ഷംസീറിൽനിന്നാണ് അരക്കോടിയോളം രൂപയുടെ സ്വർണം പിടികൂടിയത്.
മൂന്ന് ദിവസത്തിനുള്ളിൽ അഞ്ചു പേരിൽനിന്നായി രണ്ടരക്കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി കുവൈറ്റിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷംസീർ. കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുള്ള 847 ഗ്രാം സ്വർണം വേർതിരിച്ചെടുത്തപ്പോൾ 795 ഗ്രാം സ്വർണമാണ് ലഭിച്ചത്.
ഇതിന് 45,15,600 രൂപ വരും. കഴിഞ്ഞ ദിവസങ്ങളിലായി ഇരിക്കൂർ, കാസർഗോഡ് സ്വദേശികളിൽനിന്നായി 70 ലക്ഷത്തിന്റെ 1299 ഗ്രാം സ്വർണവും വടകര, കാസർഗോഡ് സ്വദേശികളിൽനിന്നായി ഒരു കോടിയിലധികം രൂപ വരുന്ന സ്വർണവും പിടികൂടിയിരുന്നു.
സ്വർണക്കടത്ത് വ്യാപകമായ സാഹചര്യത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിരിക്കുകയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകു മാരി, ഇൻസ്പെക്ടർമാരായ രാംലാൽ, നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവിൽദാർ ഗിരീഷ്, ഓഫീസ് സ്റ്റാഫ് പവിത്രൻ, ശിശിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.