ന്യൂഡൽഹി: വ്യക്തികളുടെ സ്വർണത്തിന്മേൽ ഗവൺമെന്റ് പിടിമുറുക്കുന്നു. നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈയിലുള്ളവർ നികുതി നല്‍കേണ്ടിവരും. കള്ളപ്പണം വെളിപ്പെടുത്തൽ പോലെ ഒരു സ്വർണം വെളിപ്പെടുത്തൽ പദ്ധതിയും കേന്ദ്രം പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നു.
കറൻസി റദ്ദാക്കൽ പോലെ കള്ളപ്പണത്തിനെതിരായ നടപടിയായാണ് ഇതു ചിത്രീകരിക്കപ്പെടുന്നത്. നിശ്ചിത അളവിൽ കൂടുതൽ സ്വർണം ബിൽ ഇല്ലാതെ കൈവശം വയ്ക്കുന്നവർ ശിക്ഷയിൽനിന്നു രക്ഷപ്പെടാൻ 30 ശതമാനത്തിൽ കുറയാത്ത തുക നികുതിയായി നല്‍കേണ്ടിവരും.
സിഎൻബിസി ടിവി 18 എന്ന ബിസിനസ് ചാനൽ ഇതു സംബന്ധിച്ച് ഇന്നലെ റിപ്പോർട്ട് ചെയ്തു. പിന്നീടു ചില വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിശ്ചിത പരിധിയിലധികം സ്വർണം കൈയിലുള്ളവർക്ക് നികുതിയടച്ച് പിഴയിൽനിന്നു രക്ഷപ്പെടുത്താനുള്ള ഒരു പദ്ധതി പ്രഖ്യാപിക്കും.
അതു പ്രയോജനപ്പെടുത്താത്തവരുടെ പക്കലുള്ള സ്വർണം കണ്ടുകെട്ടാമെന്നാണു സൂചന.
രാജ്യത്തു കള്ളപ്പണം സ്വർണത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണു സർക്കാർ കരുതുന്നത്. 30,000 ടൺ സ്വർണം രാജ്യത്തു വ്യക്തികളുടെ പക്കൽ ഉണ്ടെന്നാണു കരുതപ്പെടുന്നത്. 2016 നവംബറിൽ കറൻസി റദ്ദാക്കലിനു പിന്നാലെ സ്വർണ നിക്ഷേപം പിടികൂടാൻ കേന്ദ്രനീക്കം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
നീതി ആയോഗിന്റെ രണ്ടു വർഷം പഴക്കമുള്ള ശുപാർശയിലാണു സ്വർണത്തിന്മേൽ പിടിമുറുക്കുന്നത്. വരുമാനം വെളിപ്പെടുത്തുന്നവർക്ക് ആദായനികുതി ശിക്ഷാ ഒഴിവ് പദ്ധതി പോലെ നിശ്ചിത കാലത്തേക്കാകും സ്വർണം വെളിപ്പെടുത്തൽ പദ്ധതി. കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയ സ്വർണം മുഴുവൻ പ്രഖ്യാപിച്ചു നികുതിയടച്ചാൽ കൈവശം വയ്ക്കാം. അല്ലെങ്കിൽ ഗവൺമെന്റ് അവതരിപ്പിക്കുന്ന ഏതെങ്കിലും സ്വർണ നിക്ഷേപപദ്ധതിയിൽ നിക്ഷേപിക്കുകയുമാകാം.
മൂന്നിലൊന്നു സർക്കാരിന്
നിർദിഷ്ട പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന സ്വർണത്തിന്റെ വിലയുടെ മൂന്നിലൊന്നു സർക്കാരിനു നല്‍കേണ്ടിവരും. കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയത് എന്ന നിഗമനത്തിലാണു പരിധിയിലധികമുള്ള സ്വർണത്തിനു നികുതി ചുമത്തുന്നത്. ആദായനികുതിയുടെ ഏറ്റവും ഉയർന്ന സ്ലാബിലെ നിരക്ക് (30 ശതമാനം) ആകും ചുമത്തുക. പുറമേ സർചാർജും സെസും എല്ലാം ചേരുന്പോൾ നിരക്കു 33 ശതമാനത്തിൽ കൂടും.
ഓരോ വ്യക്തിക്കും നിശ്ചിത അളവ് സ്വർണം നികുതി ഇല്ലാതെ കൈവശം വയ്ക്കാൻ അനുവദിക്കും. വിവാഹിതരായ സ്ത്രീകൾക്ക് ഇതിന്റെ തോത് കൂടുതലായിരിക്കും.അതിലധികമുള്ളതും ബില്ലില്ലാത്തതുമായ സ്വർണമാണു നികുതി നല്കി തുടർന്ന് കൈവശം വയ്ക്കാൻ അനുവദിക്കുക.
ഈ പദ്ധതിയിൽ ചേർന്നു നിയമവിധേയമാക്കാത്തതു സർക്കാർ പിടിച്ചെടുക്കും. പിടിച്ചെടുക്കലിനുള്ള നടപടി എന്താണെന്ന് റിപ്പോർട്ടുകളിൽ പറയുന്നില്ല. വീടുതോറും പരിശോധന നടത്തുന്ന രീതി വരുമോ എന്നൊന്നും വ്യക്തമല്ല.ജനങ്ങളുടെ പക്കലുള്ള സ്വർണം പിടിച്ചെടുക്കാൻ മുൻകാല സർക്കാരുകൾ പലവട്ടം ആലോചിച്ചിട്ടുള്ളതാണ്. എതിർപ്പ് ഭയന്ന് എല്ലാവരും പിൻവാങ്ങി.