മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കുങ്കുമ പൂവ് ശേഖരവും സ്വർണവും ഉൾപ്പെടെ പിടികൂടിയതിനു പിന്നാലെ വീണ്ടും സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നവാസിൽ നിന്നാണു 36 ലക്ഷം രൂപ വിലമതിക്കുന്ന 916 ഗ്രാം സ്വർണം പിടികൂടിയത്.
ഇന്നലെ രാത്രി അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനായ നവാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മുട്ട രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. കണ്ടെടുത്ത പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടികൂടിയ സ്വർണം സർക്കാരിലേക്കു കണ്ടുകെട്ടുകയാണു പതിവ്.
ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ ഗോഎയർ വിമാനയാത്രക്കാരായ കാസർഗോഡ് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാൽ തെക്കിൽ അബ്ദുൾ ഖാദർ മുസ്ലിയാർ റഹൂഫ് (60) എന്നിവരിൽ നിന്നായി 25 കിലോ കുങ്കുമപ്പൂവും സ്വർണവും സിഗററ്റും അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാരിൽ നിന്നും വിദേശ കറൻസികൾ ഉൾപ്പെടെ പിടികൂടിയിരുന്നു.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സ്വർണം ഉൾപ്പെടെയുള്ള കടത്ത് വ്യാപകമായതിനാൽ കസ്റ്റംസ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. കസ്റ്റംസ് അസി. കമ്മീഷണർ ഒ.പ്രദീപൻ, സൂപ്രണ്ടുമാരായ സന്തോഷ് കുമാർ, പി.സി.ചാക്കോ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ അശോക് കുമാർ, ജോയി സെബാസ്റ്റ്യൻ, യുഗൽ കുമാർ സിംഗ്, സന്ദീപ് കുമാർ, ഹബീൽദാർമാരായ മുകേഷ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.