കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ രണ്ടര കിലോ സ്വർണവുമായി എത്തിയ യാത്രക്കാരനെ കാറിൽ സഞ്ചരിക്കവെ ആക്രമിച്ച് സ്വർണം കവർച്ച ചെയ്ത കേസിൽ പിടിയിലായ ഏഴംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കോട് കല്ലായ് ചക്കുംകടവ് മുസ്തഫ(36), നല്ലളം കൊളത്തറ എരഞ്ഞിക്കൽ റംഷിഹാദ്(36), കല്ലായ് കെ.പി ഷൗക്കത്തലി(35), പയ്യാനക്കൽ എ.ടി ഫാസിർ(33), മലയമ്മ തടത്തുമ്മൽ ഇർഷാദ്(31), തിരുവന്പാടി കോട്ടയിൽ മുഹമ്മദ് ബഷീർ(41), ചക്കും കടവ് പളളിപ്പറന്പിൽ നൗഷാദ്(47) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തിരുവന്പാടി സ്വദേശിയായ യാത്രക്കാരൻ ദുബായിൽ നിന്ന് കരിപ്പൂരിലെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് മുണ്ടക്കുളത്ത് വെച്ച് കാറിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരൻ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. പണം അപഹരിച്ചുവെന്നായിരുന്നു പരാതിയെങ്കിലും അന്വേഷണത്തിലാണ് സ്വർണക്കടത്താണെന്ന് പിന്നീട് ബോധ്യമായത്.
സ്വർണം മിശ്രിത രൂപത്തിലാക്കി അരയിൽ കെട്ടിവെച്ച് എത്തിയ യാത്രക്കാരൻ കസ്റ്റംസിന്റെ കണ്ണിവെട്ടിച്ചാണ് പുറത്ത് കടന്നിരുന്നത്. ഇത് മണത്തറിഞ്ഞ പ്രതികളിലൊരാളായ ബഷീർ ഇയാളെ സ്വീകരിക്കാൻ ബന്ധുക്കളോടൊപ്പം കാർ ഡ്രൈവറായി എത്തിയിരുന്നു.
ബഷീർ മറ്റൊരു പ്രതികളിലൊരാളായ ഇർഷാദിനെ വിവരമറിയിച്ചതോടെയാണ് ആക്രമണത്തിന് കളമൊരുക്കുന്നത്. ആക്രമണത്തിൽ ബഷീറിനും പരിക്കേറ്റിരുന്നു. ബഷീർ സംഘത്തിൽ പെട്ടയാളാണെന്ന് യാത്രക്കരനടക്കം പിന്നീടാണ് ബോധ്യമായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദേശത്തിൽ കഴിഞ്ഞ മാസം കൊണ്ടോട്ടി സിഐ ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന് തുന്പുണ്ടാക്കിയത്. കോഴിക്കോട്, കല്ലായി, നല്ലളം, തിരുവന്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഏഴ് പേരേയും പിടികൂടിയത്. കേസിൽ കോഴിക്കോട് സ്വദേശിയെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കി. സ്വർണക്കടത്തിന്റെ കേസ് കസ്റ്റംസിന് കൈമാറും. പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാനായിട്ടില്ല.
കഴിഞ്ഞമാസം സമാന സംഭവത്തിൽ വയനാട് സ്വദേശികളായ എട്ടംഗ അംഗ കൊട്ടേഷൻ സംഘത്തെ പിടികൂടിയിരുന്നു. കവർച്ച ചെയ്ത സ്വർണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി.സഞ്ജീവ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.