25 ലക്ഷത്തിന്റെ ആഭരണങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച സീരിയൽ നടനും ഭാര്യയും അറസ്റ്റിൽ. മറാത്തി ടിവി താരം മിലിന്ദ് ദസ്താനെയെ ആണ് ചൊവ്വാഴ്ച പൂന പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മിലിന്ദും ഭാര്യ സയാലിയും ചേർന്ന് പൂനയിലെ പിഎൻ ഗാഡ്ഗിൽ ജ്വല്ലറിയിൽനിന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വാങ്ങിയിരുന്നു. വജ്ര, സ്വർണാഭരണങ്ങളാണ് ഇവർ കടമായി വാങ്ങിയത്. ഒരു വർഷം കഴിഞ്ഞിട്ടും ഇതിന്റെ പണമോ പലിശയോ നൽകിയില്ല. ഇതോടെ ജ്വല്ലറി ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു.
മുംബൈയിലുള്ള സ്വത്ത് വിറ്റശേഷം പലിശ ഉൾപ്പെടെ പണം നൽകാമെന്നായിരുന്നു വാഗ്ദാനമെന്നു പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഈ മാസം 21 വരെ റിമാൻഡ് ചെയ്തു.