മട്ടന്നൂർ: ലക്ഷങ്ങളുടെ സ്വർണവുമായി കാസർഗോഡ് സ്വദേശി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിൽ. 22,20,750 രൂപയുടെ സ്വർണവുമായാണ് കാസർഗോഡ് സ്വദേശി അബ്ദുൾ സനാഫിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെ 3.30 ന് ദുബായിയിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു അബ്ദുൾ സനാഫ്. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 423 ഗ്രാം സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. ഈ മാസം ഒരു കോടിയിലധികം വരുന്ന 2181 ഗ്രാം സ്വർണം വിമാനയാത്രക്കാരിൽ നിന്നായി കസ്റ്റംസ് പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് അരൂർ കക്കട്ടിൽ സ്വദേശി അബ്ദുൾ റഹീമിൽ 1457 ഗ്രാം സ്വർണവും വ്യാഴാഴ്ച ദുബായിൽ നി ന്നെത്തിയ കാസർഗോഡ് ചെങ്കളയിലെ സൽമാൻ ഫാരിസിൽ നിന്ന് 624 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്.
സ്വർണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.