കൊണ്ടോട്ടി: ഇതിലും വലിയ സ്ക്രീനിംഗും പരിശോധനകളും കഴിഞ്ഞിട്ടാണ് സാറേ... ഞാൻ വരുന്നത്…
കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെട്ട യുവാവിന്റെ കൂസലില്ലാത്ത സംസാരം കേട്ടു കസ്റ്റംസ് ഞെട്ടി. സ്വർണം വെറുതെ കൊടുത്തുവിടുക മാത്രമല്ല കള്ളക്കടത്തുകാർ ചെയ്യുന്നത്. അതു വിമാനത്താവളത്തിൽ പിടിക്കില്ലെന്ന് ഉറപ്പാക്കാൻ നേരത്തെ പരിശോധനകൾ നടത്തും.
അതായതു വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനകൾക്കു സമാനമായ പരിശോധനകൾ നേരത്തെ നടത്തിനോക്കും. സ്വർണം കണ്ടെത്താനാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് കള്ളക്കടത്തുകാരുടെ വക സ്ക്രീനിംഗും പരിശോധനയും.
ഇതോടെ പലപ്പോഴും നിലവിലെ എയർപോർട്ട് സ്ക്രീനിംഗിൽ സ്വർണം കണ്ടെത്താൻ കഴിയാറില്ല. ഇതു കാരിയർമാർക്കും വലിയ ധൈര്യമാണ് നൽകുന്നത്.
ചെറിയ പണിയല്ല
സ്വർണം കടത്തുന്നവർക്കുള്ള പരിശീലനം ചെറിയ പണിയല്ല. ഗൾഫിൽ സ്കാനിംഗ്, എക്സറേ പരിശോധന, മലദ്വാരത്തിൽ സ്വർണം ഒളിപ്പിക്കുന്നവർക്കുള്ള പരിശീലനം, യാത്രയ്ക്കിടയിൽ വയറിളകാതിരിക്കാനുള്ള മുൻ കരുതൽ, വേദന അറിയാതിരിക്കാൻ വേദന സംഹാരി എന്നിങ്ങനെ പല തയാറെടുപ്പുകളും പിന്നിട്ടാണ് കാരിയർമാർ എത്തുന്നത്.
ഇങ്ങനെ എത്തുന്നവരെ രഹസ്യവിവരം കിട്ടിയാൽ മാത്രമേ പിടിക്കാനാകൂ. ശരീരത്തിൽ സ്വർണം ഒളിപ്പിക്കുന്നതിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വർണം ഒളിപ്പിക്കുന്നതിൽ സ്വർണക്കടത്തുകാർക്ക് അതീവ മിടുക്ക് ഉണ്ട്.
കൊണ്ടുവരുന്ന യാത്രക്കാരനു പോലും ഇലക്ട്രോണിക്സ് ഉപകരണത്തിന്റെ ഏതു ഭാഗത്താണ് സ്വർണം ഒളിപ്പിച്ചതെന്ന് കണ്ടുപിടിക്കാനാവില്ല.
ഇതിലും കൂടുതൽ സ്വർണം ഇവിടെ ഒളിപ്പിക്കാം സാറേ…മലദ്വാരത്തിൽ 980 ഗ്രാം സ്വർണവുമായി എത്തിയ യാത്രക്കാരനെ പിടികൂടിയപ്പോൾ അദ്ദേഹത്തിന്റെ മൊഴി ഇങ്ങിനെയായിരുന്നു. ജീവനു ഭീഷണിയായ മാർഗത്തിലൂടെ വരെ സ്വർണം കടത്താൻ കാരിയർമാർ തയാറാണ്.
വിമാന ടിക്കറ്റും 25,000 രൂപയും നൽകിയാൽ എല്ലാത്തതിനും റെഡി. തൊഴിലില്ലായ്മ മാത്രമല്ല, പെട്ടെന്നു പണമുണ്ടാക്കുക എന്ന ലക്ഷ്യം കൂടിയാണ് ഈ കളളക്കടത്തിനു പിന്നിൽ.